പത്തനംതിട്ട: കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ മൂന്ന് പേരെ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ക്വാറന്റൈനീലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെന്ററിലുമാക്കിയത് വിവാദത്തിൽ.
മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലാണ് കോവിഡ് നെഗറ്റീവ് ആയ വട്ടമോടിയിൽ രാജൻ എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് മൂന്ന് ദിവസം എട്ട് കോവിഡ് രോഗികൾക്കോപ്പം ഇലവുംതിട്ട ശ്രീബുദ്ധ മെഡിക്കൽ സെൻററിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിയേണ്ടി വന്നത്.
മെഴുവേലി പഞ്ചായത്ത് 13-ാം വാർഡിലെ പറയങ്കര ജംഗ്ഷനിൽആരോഗ്യവകുപ്പ് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രാജനു കോവിഡാണെന്നു സ്ഥിരീകരിച്ചതായി 16ന് ഉച്ചകഴിഞ്ഞ് വാർഡിലെ ആശാ വർക്കർ അറിയിക്കുകയായിരുന്നു.
രോഗ ലക്ഷണം ഇല്ലാതിരുന്നിട്ടും രാജനെ 16നു വൈകുന്നേരം ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ ഇലവുംതിട്ടയിലെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു.
18നു വൈകുന്നേരമാണ് തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും രാജൻ ഉൾപ്പെടെ വാർഡിലെ നാലുപേർക്ക് കോവിഡ് നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചത്.
ഇതേത്തുടർന്ന് രാജനെ ആരോഗ്യവകുപ്പുതന്നെ വീട്ടിൽ എത്തിക്കുകയും ചെയ്തു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന മൂന്ന് പേരോട് മെഡിക്കൽ ഓഫീസിർ ക്ഷമ പറഞ്ഞതിനെത്തുടർന്ന് അവർ പരാതിപ്പെടാൻ തയാറായില്ല. രാജൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
കോവിഡ് ഇല്ലാത്ത ആളിനെ കോവിഡ് രോഗിയായി ചിത്രീകരിച്ച് ചികിത്സാ കേന്ദ്രത്തിലെത്തിച്ച നടപടി ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടും ക്രിമിനൽ കുറ്റവുമാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കുറ്റപ്പെടുത്തി.
പരിശോധന ഫലം സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉണ്ട്. തികച്ചും നിരുത്തരവാദപരമായാണ് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽപോലും കോവിഡ് പരിശോധനയും ചികിത്സയും നടത്തുന്നതെന്ന് ബാബു ജോർജ് പറഞ്ഞു.
ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ മന്ത്രിയോ ആരോഗ്യ വകുപ്പോ ഇതുവരെ തയാറായിട്ടില്ല. സംഭവത്തെ സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജന് നഷ്ടപരിഹാരം നൽകണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു.