ജിജി ലൂക്കോസ്
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി പടർന്നുപിടിക്കുകയും രണ്ടു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോവിഡ്- 19 രോഗബാധ ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
രോഗബാധിതർക്ക് ചികിത്സയും ധനസഹായവും അടിയന്തരമായി ലഭ്യമാക്കുന്നതിനായാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊറോണ വൈറസ് ബാധയേറ്റ് ചികിത്സ തേടിയവർക്കും ഇതുമൂലം മരണമടഞ്ഞവർക്കും നഷ്ടപരിഹാരവും ധനസഹായവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നു നൽകണം.
കോവിഡ് ദുരന്തം മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അയച്ച ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ, ഇൗ ഉത്തരവ് പിന്നീട് പിൻവലിച്ചു. കൊറോണ വൈറസ് ബാധ വ്യാപകമായി പടരുന്ന സാഹചര്യമാണെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
വലിയ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്. എന്നാലും ജനങ്ങൾക്ക് ഭീതിയുണ്ടാകേണ്ട സാഹചര്യമില്ല.
ലോകവ്യാപകമായി കൊറോണ വൈറസ് ബാധ പടർന്നുപിടിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും കൊറോണബാധ ദേ ശീയ ദുരന്തമായി പ്രഖ്യാപിച്ചത്.
രോഗബാധ സംശയിച്ച് ക്വാറന്റൈൻ ചെയ്യുന്നതിനും സാന്പിൾ ശേഖരിക്കുന്നതിനുമുള്ള പ്രത്യേക സംവിധാനം ഒരുക്കുന്നതിനൊപ്പം അവർക്കാവശ്യമുള്ള ഭക്ഷണം, വസ്ത്രം, ചികിത്സ അടക്കമുള്ള സംരക്ഷണം എന്നിവയും ഏർപ്പെടുത്തി നൽകണം.
ഇതിനാവശ്യമുള്ള തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് ഉപയോഗിക്കാം. ഒരു വർഷം വകയിരുത്തുന്ന തുകയുടെ 25 ശതമാനമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
കോവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള ലബോറട്ടറികൾ, തെർമൽ സ്കാനർ, എയർ പ്യൂരിഫയറുകൾ എന്നിവ സജ്ജമാക്കുന്നതിനും രോഗബാധിതരെ സംരക്ഷിക്കുന്നതിനായി പോലീസ്, അഗ്നിശമന സേനാംഗങ്ങളെ വിനിയോഗിക്കുന്നതിനും എസ്ഡിആർഎഫിന്റെ പത്ത് ശതമാനത്തിൽ കുറയാത്ത തുക വിനിയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 84 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 10 പേരെ രോഗം സുഖപ്പെടുകയോ ബാധിച്ചില്ലെന്നു പൂർണമായി ബോധ്യപ്പെടുകയോ ചെയ്തതിനുശേഷം വിട്ടയച്ചതായി ആരോഗ്യ മന്ത്രാലയം സ്പെഷൽ സെക്രട്ടറി സഞ്ജീവ് കുമാർ അറിയിച്ചു.