സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് കോവീഷീല്‍ഡ് രണ്ടാം ഘട്ടത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പുകളില്‍ കൈമലര്‍ത്തി അധികൃതർ.
ഒച്ചിഴയും വേളത്തിലാണ് സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷന് നടക്കുന്നത്. അപ്പോഴും സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസും രണ്ടാം ഡോസും യഥേഷ്ടം ലഭ്യമാണ് താനും.
സ്വകാര്യ ആശുപത്രികളിലെ ഡോസുകള്‍ സൗജന്യ നിരക്കിൽ ആളുകള്‍ക്കു നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രത്യേകിച്ചും സ്കൂളുകളും കോളജുകളും ഉള്‍പ്പെടെ തുറക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍. ആദ്യ ഡോസ് വിതരണം പോലും പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കടിപ്പുരോഗികള്ക്ക് വീട്ടീല് ചെന്ന് വാക്സിനേഷന് നല്‍കുമെന്ന പ്രഖ്യാപനവും വ്യഥാവിലായി.
പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ ക്യാമ്പുകളില്‍ ആകട്ടെ ഒരു വാര്‍ഡില്‍ നിന്ന് കുറച്ചുപേര്‍ എന്ന നിലയിലാണ് ക്രമീകരണം. ഈ രീതി തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴും ഇതേ അവസ്ഥതന്നെയായിരിക്കും.
കൂടുതല്‍ പേര് പണം നല്കി വാക്സിനേഷന് തയ്യാറാകുമ്പോള്‍ തിരക്ക് കുറയുമെന്ന ചിന്തയാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നതിനായി പലയിടത്തും കയറിയിറങ്ങുകയാണ് ജനങ്ങള്‍. കോവിന്‍ സ്ളോട്ടാകട്ടെ ലഭിക്കുന്നുമില്ല.
പലരുടെയും ഇടവേള സെഞ്ച്വറി അടിച്ചുതുടങ്ങി. ലക്ഷക്കണക്കിന് ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് സംസ്ഥാനത്തിന്റെ വാക്സിന് വിതരണത്തിലെ പാളിച്ച മൂലം ആശുപത്രികളിലുള്ളത്.
കേന്ദ്രസര്‍ക്കാര്‍ എത്തിക്കുന്നില്ലെന്ന് പറയുമ്പോഴും ഇത് തിരികേ ആശുപത്രികളില്‍ നിന്നും പണം കൊടുത്ത് വാങ്ങി സാധാരണക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കൊറോണ വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിമൂലം സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാവാത്തത് സംസ്ഥാനത്തെ വാക്സിന് വിതരണത്തെ കൂടുതല്‍ മന്ദ ഗതിയിലാക്കുന്നുണ്ട്.
സ്വകാര്യ മേഖലയില്‍ കൂടി വാക്സിന് സൗജന്യമാക്കുകയാണ് വാക്സിന്ക്ഷാമത്തിനായി ഉയര്‍ന്ന് വരുന്ന നിര്‍ദ്ദേശങ്ങളിലൊന്ന്.
അതേസമയം കോളജുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് സ്വകാര്യ ആശുപത്രിക്കാര്.
ഇതേ അവസ്ഥതന്നെയാണ് കേരളത്തിനുപൃറത്തേക്കു പോകുന്നവര്‍ക്കും. പഠനത്തിനും മറ്റ് ചികിത്സകള്‍ക്കുമായി പോകുന്നവര്‍ രണ്ടാം ഡോസിനായി പണം കൊടുത്ത് സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ്.