വി.ശ്രീകാന്ത്
കോവിഡ് നിനക്ക് ഈ ലോകത്തെ മുഴുവനായി വിഴുങ്ങാൻ ഉദ്ദേശമുണ്ടോ… അതോ ചുമ്മാ ഒന്ന് പേടിപ്പിച്ച് പോകാനാണോ നീ വന്നത്… ആദ്യമൊക്കെ പേടിപ്പിച്ച് പോകാൻ തുനിഞ്ഞ നിന്നെ തടഞ്ഞ് നിർത്തിയത് “നിന്നെ പേടിയില്ലായെന്നുള്ള മനുഷ്യരുടെ പെരുമാറ്റമാണോ…’ ഇത്തരം ഒരുപാട് ചോദ്യങ്ങൾ തലങ്ങും വിലങ്ങും വീടുകൾക്കുള്ളിലൂടെ പാഞ്ഞ് നടപ്പുണ്ട്.
ഫോൺ വിളികളിലൂടെ ഈ ചോദ്യങ്ങൾ അന്യോന്യം എറിഞ്ഞ് ഉത്തരം നൽകാതെ തന്നെ പലരും നിന്നെക്കുറിച്ച് വാചാലരാകുന്നുണ്ട്. ഇതൊക്കെ കാണുന്പോൾ നിന്റെയുള്ളിൽ നിന്ന് അഹങ്കാരച്ചുവയുള്ള ചിരി പുറത്തേക്ക് വരുന്നുണ്ടാകണം അല്ലേ… അല്ലെങ്കിലും വിജയത്തിൽ അതിയായി സന്തോഷിക്കുന്നവരിൽ അഹങ്കാരം കടന്നുകൂടുക സ്വഭാവികം മാത്രം.
ഔദ്യോഗികമായും അനൗദ്യോഗികമായും ഇപ്പോൾ ആഘോഷിക്കപ്പെടുന്നത് മരണം തന്നെയാണ്. ‘അതായത് നീ തന്നെ’. 35,000ത്തിന് മുകളിലെ ഔദ്യോഗിക മരണക്കണക്കുകൾ നിന്നെ തൃപ്തിപ്പെടുത്താത്തത് കൊണ്ട് തന്നെയാണല്ലോ അനൗദ്യോഗികമായ മരണക്കണക്കുകൾ തലപൊക്കുന്നത്.
അത് കാണുന്പോൾ നീ അത്യാഹ്ലാദത്തിലേക്ക് വഴുതി വീഴുന്നുണ്ടാവും. ഇനിയും എന്താണ് നിനക്ക് വേണ്ടത്… “മതി നിർത്ത് ‘ മനുഷ്യന്റെ എല്ലാവിധത്തിലുള്ള അഹങ്കാരങ്ങളും കെട്ടടങ്ങിക്കഴിഞ്ഞിരിക്കുന്നു.
അന്തരീക്ഷം ശുദ്ധവായുവിനാൽ സമൃദ്ധമായി കഴിഞ്ഞിരിക്കുന്നു. അവർ പരസ്പരം പേടിച്ച് പേടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഫോൺകോളുകൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒരുപാട് സമയം നീ മനുഷ്യർക്ക് നൽകി അകലം പാലിച്ച് കൊണ്ട് തന്നെ എങ്ങനെ ബന്ധങ്ങൾ സുദൃഢമാക്കാമെന്ന് പഠിപ്പിച്ച് കൊടുത്തിരിക്കുന്നു.
ഇതൊക്കെ കാണുന്പോൾ നീ സന്തോഷിക്കുന്നുണ്ടാവാം അല്ലേ… ഇല്ലായെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ഇവിടെ ഓരോരുത്തർക്കും ഇഷ്ടം. കാരണം നിന്നെ അവർ എന്തിനെക്കാളും പേടിച്ച് പോയിരിക്കുന്നു.