കട്ടപ്പന: കോവിഡ് -19 വ്യാപനം തടയാൻ സർക്കാരുകൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ജില്ലയിൽ 21 മുതൽ ഇളവുകൾ നൽകുകയാണ്. ഇത് ആഹ്ലാദത്തിനും അമിതാവേശത്തിനുമുള്ള സമയമായി കാണുന്നത് വീണ്ടും വീട്ടിലിരിക്കാനുള്ള അവസരം സൃഷ്ടിക്കലാകുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. ഇത് അതിന്റെ പൂർണ അർഥത്തിലും ഗൗരവത്തിലും എടുക്കാൻ ഓരോരുത്തരും തയാറാകണം.
ഇടുക്കിയിൽ ഇപ്പോൾ പുതിയ കോവിഡ് രോഗങ്ങൾ റിപ്പോർട്ടു ചെയ്യുന്നില്ലെങ്കിലും രോഗം വരാനും പടരാനുമുള്ള സാധ്യത ഏറെയുണ്ടെന്നാണ് വിലയിരുത്തൽ.
ജില്ലയോടു മുട്ടിക്കിടക്കുന്ന തമിഴ്നാട്ടിൽ രോഗവ്യാപനം തുടരുന്നതും തമിഴ്നാട്ടിൽനിന്നും പരിശോധനകൾ കൂടാതെ അനധികൃതമായി ആളുകൾ കേരളത്തിലേക്ക് എത്തുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. തമിഴ്നാട്ടിൽനിന്നുള്ള നുഴഞ്ഞുകയറ്റം പൂർണമായി തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ കഴിയില്ല എന്നതു യാഥാർഥ്യമായി മുന്നിലുണ്ട്.
ഇപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയും ഉദാഹരണങ്ങളായി സംസ്ഥാനത്തുണ്ട്. ഇത്തരം കാരണങ്ങളാൽ സാധാരണ ജീവിതത്തിനു ലഭിച്ചിരിക്കുന്ന ‘തൊളളി കൽപന’യുടെ പേരിൽ തള്ളിക്കയറ്റത്തിനു ശ്രമിക്കുന്നത് അപകടമാണ്.
ലോക്ക്ഡൗണ്കാലത്ത് നഷ്ടമായ തൊഴിലുകളും വ്യാപാരങ്ങളും ആവശ്യങ്ങളും എല്ലാം നിറവേറ്റാനുള്ള അവസരം അനാവശ്യ വ്യവഹാരങ്ങൾക്കായി മാറ്റപ്പെടുന്നത് ഒഴിവാക്കണം. സാമൂഹ്യ അകലം, പരിസര ശുചിത്വം, സാനിറ്റൈസർ ഉപയോഗം ഇതൊക്കെ കൊറോണ വ്യാപനം ഇല്ലെങ്കിലും ശീലമാക്കാവുന്നവ തന്നെയാണ്.
കൊറോണ പഠിപ്പിച്ച പാഠം ശീലമാക്കിയാൽ മറ്റൊരു പുതിയ വൈറസ് ആക്രമണം ഉണ്ടാകുന്നതുവരെയെങ്കിലും നമുക്ക് പിടിച്ചുനിൽക്കാനാകും. പരിസ്ഥിതി ചൂഷണം, പരിസ്ഥിതി മലിനീകരണം എന്നിവയ്ക്കൊക്കെ അവധികൊടുക്കാൻ കാലമായെന്ന് കാറോണക്കാലം പഠിപ്പിക്കുന്നു.
അന്തരീക്ഷ മലിനീകരണം നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ തോതിലാക്കാൻ കൊറോണക്കു കഴിഞ്ഞു. ഹ്രസ്വയാത്രകൾക്ക് സൈക്കിൾ ശീലമാക്കാൻ കൊറോണ കാരണമായാലും അദ്ഭുതപ്പടാനില്ല.
വഴിയിൽ തുപ്പുന്നതും വെളിയിടവിസർജനം തടയാനും ഉപയുക്തമായ പ്രാഥമിക സൗകര്യങ്ങൾ വഴിയോരങ്ങളിൽ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കണം.
മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളും ശുചിയായി സൂക്ഷിക്കാനും കഴിയണം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ടാക്സി – ഓട്ടോസ്റ്റാൻഡുകളും മലിനമുക്തമാക്കി സൂക്ഷിക്കാൻ പദ്ധതികൾ വേണം. രോഗം ബാധിച്ചവരും വ്യക്തിശുചത്വമില്ലാത്തവരും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ കൈയടക്കാനുള്ള അവസരം തടയണം.
പൊതുഗതാഗത സംവിധാനങ്ങൾ പകർച്ചവ്യാധികളുടെ വാഹകരാകാതിരിക്കാൻ പരിപാടി വേണം. കൈകഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും യാത്രക്കാർ കയറുന്ന ബസും അണുവിമുക്തമായിരിക്കണം.
ഉപയോഗ ശൂന്യവും രോഗകാരണങ്ങൾ ആകാവുന്നതുമായ ഭക്ഷ്യ സാധനങ്ങളുടെ വിൽപനയും ഉപയോഗവും കർശനമായി തടയാൻ ഇപ്പോഴത്തെപ്പോലെ എപ്പോഴും കഴിയണം.
മത്സ്യങ്ങൾ ആവശ്യത്തിനു ലഭിക്കാത്ത സാഹചര്യത്തിലും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ പ്രയോഗിച്ചതുമായ മത്സ്യങ്ങൾ വിൽപനയ്ക്കെത്തുന്നതും അന്വേഷിക്കേണ്ടതാണ്.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കഠിനാധ്വാനത്തിന്റെ ഫലം നഷ്ടമാകാതിരിക്കാൻ അവരുടെ ജോലികൾ ഇനിയും തുടരണം.