കോട്ടയം: സ്വകാര്യ ലാബിലെ കോവിഡ് പരിശോധനാ ഫലത്തിനെതിരേ ആക്ഷേപം. ചില സ്വകാര്യ ലാബുകൾക്ക് നിശ്ചിത തുക ഈടാക്കി കോവിഡ് ടെസ്റ്റ് നടത്താൻ അനുമതി നൽകിയിരുന്നു. ഇതിൽ ഒരു ലാബിൽനിന്നു ലഭിക്കുന്ന കോവിഡ് പരിശോധനാ ഫലത്തിനെതിരേയാണ് പലരും പരാതി ഉന്നയിച്ചിരിക്കുന്നത്.
ഇവിടെ പരിശോധിച്ചതിൽ രോഗമില്ലാത്ത ചിലർക്കു പോസിറ്റീവ് ഫലം കിട്ടിയെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ കോവിഡ് ടെസ്റ്റും സ്വകാര്യ ലാബുകളിലാണ് നടക്കുന്നത്.
ആർടിപിസിആർ ടെസ്റ്റിന് 2,750 രൂപയും ആന്റിജൻ പരിശോധനയ്ക്ക് 600രൂപയുമാണ് സ്വകാര്യ ലാബുകളിൽ ഈടാക്കുന്നത്. കൂടുതൽ കൃത്യത ലഭിക്കുന്ന പിസിആർ പരിശോധന നടത്തിയവരാണ് ഫലത്തിൽ സംശയം ഉന്നയിച്ചു രംഗത്തുവന്നിരിക്കുന്നത്.
വീണ്ടും പരിശോധന
ഈ ലാബിൽ സർക്കാർ നിർദേശപ്രകാരമുള്ള പണം നല്കി കോവിഡ് ടെസ്റ്റ് നടത്തിയിട്ടു പോസിറ്റീവ് ആയ ചിലർ സംശയം തോന്നി വീണ്ടും മറ്റു കേന്ദ്രങ്ങളിൽ പരിശോധനയ്ക്കു വിധേയരായപ്പോഴാണ് നെഗറ്റീവ് ഫലം കിട്ടിയത്. ഇതേത്തുടർന്നു രോഗം വന്നുപോയിട്ടില്ല എന്നുറപ്പിക്കാൻ പരാതിക്കാർ ആന്റിജൻ ടെസ്റ്റിനും വിധേയരായി.
രോഗം ബാധിച്ചവരുടെ ശരീരത്തിൽ കാണേണ്ട ആന്റിബോഡി ഇവരിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ആദ്യത്തെ ടെസ്റ്റിൽ പിഴവുണ്ടായതായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർതന്നെ സംശയം ഉന്നയിച്ചത്. ഇവരെ ഉടൻ കോവിഡ് സെന്ററിൽനിന്നു മാറ്റുകയും ചെയ്തു.
കോവിഡ് സെന്ററിൽ
ഇതിനേക്കാൾ കഷ്ടം കോവിഡ് പോസിറ്റീവ് ഫലം കിട്ടിയതോടെ ഇവരെ മറ്റ് രോഗികൾക്കൊപ്പം ആരോഗ്യവകുപ്പ് കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു എന്നതാണ്. പോസീറ്റീവ് ഫലം കിട്ടിയാൽ ഉടനെ രോഗിയെ ആരോഗ്യവകുപ്പ് ഏറ്റെടുക്കുകയാണ് രീതി.
അങ്ങനെ രോഗമില്ലാതെ കോവിഡ് സെന്ററിൽ കഴിയേണ്ടി വന്നവരാണ് ഇപ്പോൾ പരാതി ഉന്നയിച്ചിരിക്കുന്നത്. നേരത്തെയും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ലാബ് നെറ്റ്വർക്കിനെതിരേയാണ് ആക്ഷേപം.
ഇത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിലും വന്നെങ്കിലും ഇതുവരെ യാതൊരു നടപടികളും എടുത്തിട്ടില്ല. ഇതിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം പുറത്തുവരും.
പരാതിക്കാർ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നാണ് സൂചന. ഇങ്ങനെ രോഗമില്ലാതെ കോവിഡ് സെന്ററിൽ കഴിയേണ്ടി വന്നവർ വീണ്ടും 15 ദിവസം ക്വാറന്റൈനിൽ പോകേണ്ടി വന്നിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
താക്കീത് മാത്രം !
നിരവധി പരാതികൾ ഉയർന്നതോടെ കൃത്യമായി ക്വാളിറ്റി പരിശോധനകൾ നടത്തണമെന്ന് അധികൃതർ ലാബിനു താക്കീത് നല്കിയതായിട്ടാണ് പുറത്തുവരുന്ന വിവരം.
സാധാരണ ഗതിയിൽ കോവിഡ് പരിശോധനയിൽ ലാബിന്റെ ഭാഗത്തുനിന്നു വീഴ്ചകൾ സംഭവിക്കുന്നതല്ലെന്നും സ്രവ സാംപിളുകൾ കൈകാര്യം ചെയ്യുന്നതിലെ പിഴവാണ് ഇത്തരം തെറ്റുകൾ പറ്റുന്നതിനു പിന്നില്ലെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തുടർന്നും ലാബിന്റെ ഭാഗത്തുനിന്നു പിഴവുകൾ സംഭവിച്ചാൽ ലാബിനെ കരിന്പട്ടികയിൽപ്പെടുത്തുമെന്നു ആരോഗ്യമേഖയിലുള്ളവർ പറയുന്നു.
അതേസമയം, കോവിഡ് രോഗമില്ലാതെ കോവിഡ് സെന്ററിൽ പ്രവേശിപ്പിക്കപ്പെടുകയും രോഗം അങ്ങോട്ടുചെന്നു മേടിക്കേണ്ട ഗതികേടുണ്ടാവുകയും ക്വാറന്റൈൻ എടുക്കേണ്ടി വരികയും ചെയ്തവർക്ക് ഉണ്ടാകുന്ന മാനസിക വ്യഥയ്ക്കും കഷ്ടനഷ്ടങ്ങൾക്കും എന്താണ് പരിഹാരമെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല.