കോട്ടയം: സ്വകാര്യ ലാബുകളിലെ കോവിഡ് ടെസ്റ്റ് സംബന്ധിച്ച് ജില്ലാ കളക്ടർ മാർഗനിർദേശം പുറപ്പെടുവിച്ചു.
സ്വകാര്യ ലാബുകളിൽ നടത്തുന്ന ടെസ്റ്റിന്റെ പൂർണവിവരങ്ങൾ ഇനി മുതൽ അതാതുദിവസം ജില്ലാ ആരോഗ്യവിഭാഗത്തിനു നൽകണം. സ്വകാര്യ ലാബുകളിൽ കോവിഡ് ടെസ്റ്റിനു അനുമതി നൽകുന്നത് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസേർച്ച് ആണ് (ഐസിഎംആർ). ഐസിഎംആർ നൽകുന്ന അനുമതിയോടെ പ്രവർത്തിക്കുന്ന ലാബുകളിൽ നടത്തുന്ന കോവിഡ് പരിശോധനയുടെ പൂർണവിവരങ്ങൾ ജില്ലാ ആരോഗ്യവിഭാഗം പരിശോധിക്കും.
നിലവിൽ കോവിഡ് ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമേ ആരോഗ്യവിഭാഗത്തെ അറിയിക്കുന്നുള്ളൂ. പരിശോധന നടത്തുന്നവരുടെ എണ്ണം, നെഗറ്റീവ്, പോസിറ്റീവ് എന്നിങ്ങനെ വ്യക്തമായ കണക്കുകൾ നൽകണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കോവിഡ് ടെസ്റ്റിന് അനുമതിയുള്ള എല്ലാ ലാബുകൾക്കും ഉത്തരവ് നൽകും.
കളക്്ടറുടെ കോവിഡ് ടെസ്റ്റ് മാർഗനിർദേശം ആരോഗ്യവകുപ്പ് ഇന്നു ലാബുകൾക്ക് കൈമാറും. ലാബുകളുടെ നിലവാരമില്ലായ്മയാണ് കോവിഡ് ഫലം തെറ്റുന്നതിനിടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
ലാബുകളുടെ നിലവാരം ഉയർത്തേണ്ടതാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ ജില്ലയിൽ മൂന്നു സ്വകാര്യ ലാബുകൾക്കും രണ്ടു സ്വകാര്യ ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്തുന്നതിനു ഐസിഎംആറിന്റെ അനുമതിയുണ്ട്. ലാബുകൾക്കെതിരേ പരാതി വ്യാപകമായതോടെയാണു ആരോഗ്യവകുപ്പ് ഇടപെടുന്നത്.
കഴിഞ്ഞദിവസം കോട്ടയത്ത് സ്വകാര്യ ലാബിൽ നടത്തിയ കോവിഡ് പരിശോധന സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. രോഗമില്ലാത്തവർക്ക് ഫലം പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് നൽകിയതോടെ കോവിഡ് സെന്ററിൽ യുവാവിനു കഴിയേണ്ടിവന്നു.
പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് രോഗം പിടിപെട്ടിരുന്നില്ലെന്നു കണ്ടെത്തുകയും കോവിഡ് ആശുപത്രിയിൽ ഒരു ദിവസം ചികിത്സയിൽ കഴിഞ്ഞിരുന്നതിനാൽ ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവന്നു. പരിശോധനാ ഫലം തെറ്റായി നൽകിയ ലാബിനെതിരേ യുവാവ് ജില്ലാ കളക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
കേസ് ഒഴിവാക്കാൻ സ്വകാര്യ ലാബും ശ്രമം നടത്തുന്നുണ്ട്. സ്വകാര്യ ലാബിലെ കോവിഡ് പരിശോധനാ ഫലത്തിനെതിരേ ആക്ഷേപം ഉയർന്നത് ഇന്നലെ രാഷ്ട്രദീപിക വാർത്തയാക്കിയിരുന്നു.