വൈക്കം: തലയോലപ്പറന്പിലും വെച്ചൂരിലും കോവിഡ് -19 സ്ഥിരീകരിച്ചതോടെ ഗ്രാമപ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും നിയന്ത്രണം ശക്തമാക്കി. വെച്ചൂർ 11-ാം വാർഡിൽ നഗരിന കോളനിയിലെ നിവാസിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ചെന്നൈയിൽനിന്നു വൈക്കത്തെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് വീട്ടിലെത്തി നാലുദിവസം കഴിഞ്ഞപ്പോഴാണ് ഇവർക്കു കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ഇടയാഴം നിവാസിയും അധ്യാപികയുമായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ബന്ധുവായ ഡോക്ടറുമായുള്ള സന്പർക്കത്തെ തുടർന്നാണ് അധ്യാപികയ്ക്കു രോഗബാധയുണ്ടായത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയോധികരും അസുഖബാധിതരുമായ മാതാപിതാക്കൾ വീട്ടിലുള്ളതിനാൽ പുറം ലോകവുമായി സന്പർക്കത്തിലേർപ്പെടാതെ അധ്യാപികയുടെ ഭർത്താവിന് വീട്ടിൽ കോവിഡ് മുൻ കരുതൽ പാലിച്ച് മക്കളുമായി നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ അനുവദിച്ചു. സ്കൂളിൽ പുസ്തകവിതരണത്തിൽ ഈ അധ്യാപക ഏർപ്പെട്ടിരുന്നു.
സ്കൂളിലെ ഭൂരിഭാഗം കുട്ടികളും മാതാപിതാക്കളുമായി വന്നു പുസ്തകം വാങ്ങിയതിനാൽ ടിവിപുരം പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് വർഡുകൾ പൂർണമായും നിരീക്ഷണത്തിലാക്കി. പഞ്ചായത്തിലുടനീളം അനൗണ്സ്മെന്റ് നടത്തി വാർഡുതല സമിതികൾ രൂപീകരിച്ച് ജാഗ്രതയും കരുതലുമുറപ്പാക്കാൻ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി. അനിൽകുമാർ അറിയിച്ചു.
തലയോലപ്പറന്പ് അടിയത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു രണ്ട്, നാല് വാർഡുകൾ ഭാഗീകമായി ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ആരോഗ്യപ്രവർത്തകയുടെ ഭർത്താവും മക്കളും ക്വാറന്റൈനിൽ പ്രവേശിച്ചു.