സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് 19 ജില്ല വിട്ടുപോയപോലെയാണ് ഇപ്പോൾ തൃശൂർക്കാരെന്ന് ആക്ഷേപം. മാസ്ക് ധരിക്കാൻ പലരും മടികാണിക്കുന്നതായി പോലീസും ആരോഗ്യവകുപ്പും പറയുന്നു.
ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം രോഗമുക്തരായതും പുതിയ പോസിറ്റീവ് കേസുകൾ ഇല്ലാത്തതും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ച സാഹചര്യത്തിലും ഇനിയെന്തിനു മാസ്ക് എന്ന ചിന്തയാണ് പലർക്കുമുള്ളതത്രേ.
പല സർക്കാർ ഓഫീസുകളിലെ ജീവനക്കാർപോലും മാസ്ക് ധരിക്കാതെയാണ് ജോലിക്കെത്തുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.ആളുകൾ മാസ്ക് ധരിക്കാൻ വിമുഖത കാണിക്കുന്നുവെന്ന വിവരം പോലീസ് നൽകിയിട്ടുണ്ടെന്നും ജില്ലയിൽ നിന്നു കോവിഡ് പോയെന്ന അബദ്ധധാരണയിലാണ് തൃശൂർക്കാരെന്നും ഡിഎംഒ ഡോ.കെ.ജെ.റീന പറഞ്ഞു.
അതു ശരിയല്ല. ചെറിയ ഇടവേള മാത്രമാവാം ഇപ്പോഴത്തേത്. തൃശൂരിനു സമീപജില്ലകളിലെല്ലാം കോവിഡ് രോഗബാധ വ്യാപകമാണ്. അവിടെനിന്നും രോഗം പടരാൻ വളരെയധികം സാധ്യതയുണ്ട്.
അതിനാൽ സർക്കാരും ആരോഗ്യവകുപ്പും നൽകിയിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു. വീട്ടിൽനിന്നു പുറത്തുപോകുന്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. പോലീസിനോടും ആരോഗ്യവകുപ്പിനോടും സഹകരിക്കണം: ഡിഎംഒ വ്യക്തമാക്കി.
രോഗവ്യാപനം തടയാൻ നിർബന്ധമായും മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങണമെന്നു പോലീസ് അധികൃതരും നിർദേശിച്ചു.