തിരുവനന്തപുരം: തലസ്ഥാനത്തെ മൂന്നാമത്തെ കോവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്. രമേശനാ (67 ) ആണ് മരിച്ചത്. രമേശന് രോഗം ബാധിച്ച ഉറവിടം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.
പോത്തകോട് സ്വദേശിയായ അബ്ദുൽ അസീസ്, വൈദികൻ കെജി വർഗ്ഗീസ് എന്നിവരാണ് ഇതിനു മുന്പ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇവർക്കും രോഗം ലഭിച്ചത് എവിടെനിന്നാണെന്ന് സ്ഥിരീകരിക്കാന് ഇനിയും കഴിഞ്ഞിട്ടില്ല.
മേയ് 23ന് രമേശനെ പനി ബാധിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി ശ്വാസകോശ രോഗത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു. 28ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
രോഗബാധിതനായി വീണ്ടും 10 ന് ജനറൽ ആശുപത്രിയിൽ വേശിപ്പിച്ച രമേശനെ അന്ന് രോഗം കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളജാശുപത്രിയിലേക്കുമാറ്റി. പിറ്റേന്ന് ഡിസ്ചാർജ് ചെയ്തു.
വീട്ടിൽവച്ച് ശ്വാസം മുട്ടലും ബുദ്ധിമുട്ടുകളും കൂടിയപ്പോൾ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചപ്പോഴൊന്നും അദേഹത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.
ഇത് ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ കാട്ടാക്കട പഞ്ചായത്തിലെ കുളത്തുമ്മൽ സ്വദേശിയായ ആശാവർക്കർ ഉണ്ട്.
ഇവർ കാട്ടാക്കട പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിനുള്ള ദ്രുത കർമസേനയിൽ പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് നൽകുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു.
ഇവർ സന്ദർശനം നടത്തിയ വീടുകളിലൊന്നും ഇതേവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആമച്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇവർ സന്ദർശനം നടത്തിയിരുന്നു.