ലണ്ടൻ: ബ്രിട്ടനിൽ കോവിഡ്-19 ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം എട്ടായി ഉയർന്നു. ഇതിൽ ഗർഭിണിയും ഉൾപ്പെടുന്നു. ലണ്ടനടുത്തുള്ള നഗരത്തിലെ ആശുപതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ഭർത്താവും കുട്ടിയും നിരീക്ഷണത്തിൽ ആണ്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ രോഗികളെ പരിചരിക്കുന്ന മറ്റു ചില മലയാളികളായ നഴ്സ്മാർക്കും രോഗലക്ഷണങ്ങൾ കണ്ടതിനാൽ അവരും വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണെന്നാണ് വിവരം.
കോവിഡ് ബാധ സ്ഥിരീകരിച്ച എട്ടു പേരിൽ ആരുടെയും നില ഗുരുതരമല്ല. നാട്ടിലേക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വളരെ അത്യാവശ്യമായി നാട്ടിലേക്കു യാത്ര ചെയ്യേണ്ട പലരും എന്തു ചെയ്യണം എന്നറിയാത്ത വിഷമത്തിലാണ്. മാതാപിതാക്കളും പ്രിയപ്പെട്ടവരുമൊക്കെ മരിച്ചിട്ടും നാട്ടിലേക്കു പോരാൻ കഴിയാത്തവർ നിരവധിയാണ്.
ഹൃദയസ്തംഭനം മൂലം കഴിഞ്ഞ പന്ത്രണ്ടിനു ലണ്ടനിലെ ക്രോയിഡോണിൽ മരിച്ച തിരുവല്ല പുതുശേരി സ്വദേശി സിജി ടി. അലക്സിന്റെ(50 )മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ അനുമതി ലഭിക്കാതിരുന്നതിനാൽ ഇന്നലെ ഇവിടെത്തന്നെ സംസ്കരിച്ചു. സിജിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടിലുണ്ടായിരുന്നു.
കാനഡയിലേക്കു പുറപ്പെട്ടു ലണ്ടനിലെത്തിയ ശേഷം കുടുങ്ങിപ്പോയ കാഞ്ഞിരപ്പള്ളി സ്വദേശികളായ വയോധികമാതാപിതാക്കളും എയർപോർട്ടിൽ കുടുങ്ങിയ ചില മലയാളി വിദ്യാർഥികളും ഇപ്പോൾ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെ ഇടപെടൽ മൂലം സുരക്ഷിതരായി ലണ്ടനിൽ താമസിക്കുന്നുണ്ട് .
രോഗസാധ്യത ഉള്ള വയോധികർ, ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവർ, ചിലതരം അർബുദ രോഗ ബാധിതർ തുടങ്ങിയ പതിനഞ്ചു ലക്ഷം വരുന്ന ആളുകൾ മൂന്നു മാസത്തേക്കു വീടിനു വെളിയിൽ ഇറങ്ങരുതെന്നു നിർദേശിച്ചു സർക്കാർ കത്തുകൾ അയച്ചിരിക്കുകയാണ്.
ഇവർക്ക് ആവശ്യത്തിനുള്ള മരുന്നും ഭക്ഷണവും ലഭ്യമാക്കാൻ പ്രാദേശിക ഹബ്ബുകൾ രൂപീകരിക്കാനും സൈന്യത്തിലെ ഏറ്റവും മികച്ച ആസൂത്രണ വിദഗ്ധരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബം കൂടെയില്ലാത്ത ഒറ്റയ്ക്കു താമസിക്കുന്നവർക്കും ഈ സഹായം ലഭിക്കും.
കോവിഡിനെ പിടിച്ചുകെട്ടാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ