ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുകയും 396 പേർ മരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയിട്ടുണ്ട്. ഇന്നിത് മൂന്നു ലക്ഷം കഴിയും. 8,498 പേര് ഇതുവരെ മരിക്കുകയും ചെയ്തു.
1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,47,195 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്തു. കൊറോണവൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോൾ നാലാമതാണ്.
യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ കൂടുതല്‍ രോഗബാധിതരുള്ളത്. ബ്രിട്ടനില്‍ 2,91,409 പേരാണ് കോവിഡ് ബാധിതര്‍. അമേരിക്ക (20.7 ലക്ഷം), ബ്രസീല്‍ (7.75 ലക്ഷം), റഷ്യ (5.02 ലക്ഷം) എന്നിവയാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍.
പത്താം സ്ഥാനത്തുനിന്ന് വെറും 14 ദിവസം കൊണ്ടാണ് ഇന്ത്യ നാലാം സ്ഥാനത്തായത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 3590 മരണവും അവിടെയുണ്ടായി. 22032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1,385 മരണം റിപ്പോര്‍ട്ട് ചെയ്തു.
34,687 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1085 മരണമാണുണ്ടായത്. 38716 പേര്‍ക്കാണ് തമിഴനാട്ടില്‍ രോഗം കണ്ടെത്തിയത്. 349 മരണം അവിടെ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര സർക്കാർ മുന്നറിയിപ്പ്
അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് സ്ഥിതി ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.
ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയില്‍ ജൂണ്‍ എട്ട് മുതല്‍ ഐസിയു കിടക്കകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 27 ഓടെ വെന്റിലേറ്ററുകളും ഒഴിവില്ലാതാകും. തമിഴ്നാട്ടില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ജൂലൈ ഒമ്പതോടെ നിറയും.
ഹരിയാന, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ആസൂത്രണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് രോഗികൾ 76 ലക്ഷത്തിലേക്ക്
വാഷിംഗ്ടൺ ഡിസി: ലോകത്ത് കോവിഡ് ബാധിതർ 76 ലക്ഷത്തിലേക്ക്. ഇന്നു രാവിലെ വരെയുള്ള കണക്കു പ്രകാരം 75,88,705 പേരാണു രോഗബാധിതർ. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673 പേർക്കു ജീവൻ നഷ്ടമായി. 3,839,321 പേർ രോഗമുക്തി നേടിയെന്നത് ആശ്വാസ വാർത്തയാണ്.
യുഎസ് തന്നെയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിൽ. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. ഇന്നലെ 862 പേർക്കാണ് അമേരിക്കയിൽ കോവിഡ്മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,15,992 ആയി.
ഇന്നലെ 21,609 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20,88,010 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 8,13,497 പേരാണ് രോഗമുക്തി നേടിയത്. 11,58,521 പേർ ഇപ്പോഴും ചികിത്സയിലാണ്.