തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 രോഗം ബാധിച്ച് 32 പേർ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന്റെ പുറത്തു നിന്നാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് അഞ്ച് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നു പേർക്കും കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ ചികിത്സയിലുള്ളവരിൽ 11 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ചെന്നൈ- ആറ്, മഹാരാഷ്ട്ര-നാല്, നിസാമുദീൻ-രണ്ട്. സമ്പർക്കത്തിലൂടെ ഒമ്പത് പേർക്ക് രോഗം ബാധിച്ചു. ഇവരിൽ ആറു പേർ വയനാട്ടിലാണ്.
ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന മറ്റ് രണ്ടു പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുടെ ഉറ്റവരാണ്.
ഇന്ന് ആർക്കും രോഗമുക്തിയില്ല. നിലവിൽ 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 31,143 പേർ വീടുകളിലും 473 പേർ ആശുപത്രിയിലുമാണുള്ളത്.
ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധിച്ച സാമ്പിളുകളിൽ 37,727 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലുള്ള 3894 സാമ്പിളുകളും നെഗറ്റീവാണ്.
കോട്ടയത്ത് കോവിഡ് ബാധിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്
കോട്ടയം: ജില്ലയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്. മേയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
അമ്മയുടെ സാമ്പിള്‍ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതേ വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര് എത്തിയിരുന്നു. ഇതില്‍ ഒന്‍പതു പേര് നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുള്‍പ്പെടെ 12 പേര് ഹോം ക്വാറന്റയിനിലുമായിരുന്നു. വിമാനത്തില്‍ ഇവരുടെ സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.