ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. 9,06,752 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം പത്തിനാണ് രാജ്യത്തെ കോവിഡ് കേസുകൾ എട്ടു ലക്ഷം കവിഞ്ഞത്. വെറും മൂന്നു ദിവസത്തിനുള്ളിൽ ഒന്പതു ലക്ഷത്തിലേക്ക് എത്തിയെന്നത് രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 28,498 പേർക്ക് രോഗം ബാധിക്കുകയും 553 പേർ മരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 23,727 ആയി. 3,11,565 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 5,71,460 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 6,497 പേർക്ക് രോഗം ബാധിക്കുകയും 193 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 2,60,924 ആയി. മരണസംഖ്യ 10,482 ആയി ഉയർന്നു.
തമിഴ്നാട്ടിലെയും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 1,42,798 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,328 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 66 പേർ മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ മരണസംഖ്യ 2,032 ആയി ഉയർന്നു.