
തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കോവിഡ് സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ സംസ്ഥാനത്ത് കൂടുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സമ്പർക്കം വഴിയുള്ള രോഗികൾ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തോളമാണെന്നും മന്ത്രി പറഞ്ഞു.
കേരളം പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഇന്ന് മുതൽ പ്രവാസികൾക്ക് ദ്രുതപരിശോധന നടത്തുമെന്നും അവർ പറഞ്ഞു. കോവിഡ് രോഗികളുടെ മരണം തടയാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒരു ശതമാനത്തിൽ താഴെയാണ് കേരളത്തിൽ മരണനിരക്കെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നല്ല ജാഗ്രത വേണം. തിരുവനന്തപുരത്തേയ്ക്ക് മറ്റ് ജില്ലകളിൽനിന്ന് വരുന്നവർ കൂടുതലാണ്. കന്യാകുമാരിൽനിന്നടക്കം നിരവധി പേർ തലസ്ഥാനത്ത് എത്തുന്നുണ്ടെന്നും അവർ പറഞ്ഞു.സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇതുവരെ 3,603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,691 പേർ വിവിധ ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഒൻപതു ജില്ലകളിലാണ് നൂറിലധികം രോഗികൾ ഉള്ളത്.