ആംസ്റ്റർഡാം: യൂറോപ്യൻ ഭൂഖണ്ഡം വീണ്ടും കോവിഡ് മഹാമാരിയുടെ പിടിയിലാകുന്നു.
റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണവും വർധിച്ചു. നെതർലൻഡ്സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ രോഗബാധ നിയന്ത്രണവിധേയമായിവരുന്പോഴാണ് യൂറോപ്പിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നത്.
വാക്സിനെടുക്കുന്നതിൽ യൂറോപ്യൻ ജനതയ്ക്കുള്ള അലംഭാവമാണ് കാരണമെന്നു ചിലർ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ ഊർജിതമാക്കാനും രാജ്യങ്ങൾ നടപടി തുടങ്ങി.
ജർമനിയിൽ രോഗബാധിതരുടെ എണ്ണം പെരുകുകയാണ്. വ്യാഴാഴ്ച അവിടെ പുതിയ രോഗികളുടെ എണ്ണം 50,000നു മുകളിലെത്തി.
ഇന്നലെ വരെയുള്ള 24 മണിക്കൂറിനിടെ 45,000നു മുകളിൽ പേർ രോഗബാധിതരാവുകയും 228 പേർ മരിക്കുകയും ചെയ്തു.
കോവിഡിന്റെ നാലാം തരംഗത്തെ മറികടക്കാൻ എല്ലാവരും വാക്സിനെടുക്കണമെന്നു ജർമൻ ചാൻസലർ ആംഗല മെർക്കൽ ആഹ്വാനം ചെയ്തു.
റഷ്യയിൽ ഇന്നലെ വരെയുള്ള 24 മണിക്കൂറിനിടെ 39,000നു മുകളിൽ പേർക്കു രോഗം പിടിപെടുകയും 1,241 പേർ മരിക്കുകയും ചെയ്തു.
നെതർലൻഡ്സിൽ പ്രധാനമന്ത്രി മാർക്ക് റുട്ടെ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗൺ ഇന്നലെ വൈകിട്ടു പ്രാബല്യത്തിലായി.
ശൈത്യകാലത്ത് പടിഞ്ഞാറൻ യൂറോപ്പിലെ ആദ്യ ലോക്ഡൗൺ ആണിത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് വൈകിട്ട് ആറിനുശേഷം പ്രവർത്തനാനുമതി.
ഒന്നര മീറ്റർ ആളകലം പാലിക്കണം. വീടുകളിലിരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കും. ഓസ്ട്രിയയിൽ ലോക്ഡൗണിനുള്ള ആലോചനകൾ തുടങ്ങിയെന്ന് ചാൻസലർ അലക്സാണ്ടൽ ഷാലൻബർഗ് അറിയിച്ചു.
തീരുമാനം ഇന്നുണ്ടായേക്കും. അപ്പർ ഓസ്ട്രിയയിലും സാൽസ്ബർഗിലും രോഗബാധ വർധിക്കുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്ൻ, റൊമാനിയ, സ്ലൊവേനിയ, ചെക്ക് റിപ്പബ്ലിക് മുതലായ രാജ്യങ്ങളിലുംരോഗബാധിതരുടെ എണ്ണം വർധിക്കുന്നു.
നോർവേ, ഇറ്റലി, ലാത്വിയ, ഐസ്ലാൻഡ് രാജ്യങ്ങൾ ബൂസ്റ്റർ വാക്സിൻ ഡോസുകൾ നല്കുന്നതിനും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നടപടികൾ സ്വീകരിച്ചുതുടങ്ങി.
ലോകാരോഗ്യ സംഘടനയുടെ നവംബർ ഏഴിലെ കോവിഡ്-19 പ്രതിവാര റിപ്പോർട്ടിൽ, മരണം വർധിക്കുന്ന ഏക മേഖല യൂറോപ്പാണ്-പത്തു ശതമാനമാണ് വർധന.
പുതിയരോഗികളുടെ എണ്ണത്തിൽ ലോകത്തു മൊത്തത്തിൽ കുറവ് വരുന്പോൾ, യൂറോപ്പിൽ ഏഴു ശതമാനം വർധനയുണ്ടായി.