സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ അടുത്ത വർഷം മാർച്ചിൽ ലഭ്യമാക്കാനായേക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിൻ യാഥാർഥ്യമാക്കാനുള്ള പരീക്ഷണങ്ങൾ തീവ്രമായി പുരോഗമിക്കുകയാണ്.
നിരവധി വാക്സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ സുരേഷ് ജാദവ് പറഞ്ഞു.
രണ്ടെണ്ണം മൂന്നാം ഘട്ട ഹ്യൂമൻ ട്രയലിലും ഒരെണ്ണം രണ്ടാംഘട്ട ട്രയലിലുമാണ്. നിരവധി വാക്സിൻ നിർമാതാക്കൾ പരീക്ഷണത്തിൽ ഏർപ്പെടുന്നുണ്ട്.
ലോകത്താകെ 40 കന്പനികളാണ് വാക്സിൻ നിർമാണത്തിനുള്ള പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ മാർച്ചിനുമുന്പ് ഏഴു കോടി ഡോസ് തയാറാക്കാനാണു പദ്ധതിയെന്നും സുരേഷ് ജാദവ് പറഞ്ഞു.
നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്, 2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്സിനുകൾ തയാറാക്കും. ലൈസൻസിംഗ് ക്ലിയറൻസിനുശേഷം 2021ൽ മാത്രമെ വിപണിയിലേക്കെത്തൂ.
പിന്നീട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കൂടുതൽ ഡോസുകൾ നിർമിക്കുമെന്നും സുരേഷ് ജാദവ് അറിയിച്ചു. ഓക്സ്ഫഡിന്റെ വാക്സിനാണ് സെറം ഇന്ത്യയിൽ പരീക്ഷണത്തിന് വിധേയമാക്കുന്നത്.
ലോകത്ത് 2021 രണ്ടാം പാദത്തിൽ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
2021 ജനുവരിയിൽ പുതിയ വാക്സിന്റെ അന്തിമ പരീക്ഷണഫലങ്ങൾ ലഭ്യമാകും.
2021 രണ്ടാംപാദത്തിൽ കോവിഡിനെതിരായ രണ്ടാം വാക്സിൻ ജനങ്ങൾക്കു ലഭ്യമാക്കാനാകുമെന്നുമാണ് ഡോ. സൗമ്യ വെളിപ്പെടുത്തിയത്.