ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും ഇനി പണം കൊടുത്തു വാങ്ങണം.
ഡോ. സൈറസ് പൂനാവാല ഗ്രൂപ്പിന്റെ കീഴിലുള്ള പൂന ആസ്ഥാനമായ സ്വകാര്യ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിർമിക്കുന്ന കോവിഷീൽഡ് വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ (ഒരു വ്യക്തിക്കു വേണ്ട രണ്ടു ഡോസിന് 800 രൂപ) നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപ (രണ്ടു ഡോസിന് 1,200 രൂപ) വീതം നൽകണം.
ഇതേസമയം, കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപ നിരക്കിൽ തുടർന്നും നൽകുമെന്ന് എസ്ഐഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അദാർ പൂനാവാല പത്രക്കുറിപ്പിൽ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചാണു വില നിശ്ചയിച്ചതെന്നും കന്പനി വ്യക്തമാക്കി.
സൈറസ് പൂനാവാല സിഎംഡി ആയുള്ള സ്വകാര്യ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരാണ്.
കോവിഡ് വാക്സിൻ ഉത്പാദനത്തിനായി എസ്ഐഐക്ക് 3,500 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ ഡോ. കൃഷ്ണ എം. എല്ല സിഎംഡി ആയുള്ള മറ്റൊരു സ്വകാര്യ കന്പനിയായ ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിനും കോവിഷീൽഡിന്റെ അതേ വില നൽകേണ്ടി വരുമെന്നാണു റിപ്പോർട്ടുകൾ.
ഭാരത് ബയോടെക് കന്പനിക്ക് കോവിഡ് വാക്സിൻ നിർമാണത്തിനായി 1,500 കോടി അനുവദിക്കുമെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു.
സ്വകാര്യ ആശുപത്രികൾക്ക് ഇനി കേന്ദ്രസർക്കാർ വാക്സിൻ നൽകില്ല. ആശുപത്രികൾ നിർമാതാക്കളിൽ നിന്നു നേരിട്ടു വാങ്ങണം.
അടുത്ത ഒന്നാം തീയതി മുതൽ 18 വയസു തികഞ്ഞ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
മൊത്തം ഉത്പാദിപ്പിക്കുന്ന വാക്സിനുകളിൽ 50 ശതമാനം കേന്ദ്രസർക്കാരിനും ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വിദേശരാജ്യങ്ങൾക്കു നൽകാമെന്ന് ഉറപ്പു നൽകിയിട്ടുള്ള വാക്സിൻ ഡോസുകൾ കേന്ദ്രസർക്കാരിന്റെ കണക്കിൽ നൽകും.
വിപണിയിലുള്ള മറ്റ് അന്താരാഷ്ട്ര വാക്സിനുകളേക്കാൾ കോവിഷീൽഡിന് വില കുറവാണെന്നു കാണിക്കുന്ന പട്ടികയും എസ്ഐഐ ട്വിറ്ററിൽ നൽകി.
അമേരിക്കൻ വാക്സിനുകൾക്ക് വില 1500 രൂപയിലും റഷ്യൻ, ചൈനീസ് വാക്സിനുകൾക്കു വില 750 രൂപയിലും കൂടുതലാണെന്നാണു പട്ടികയിൽ പറയുന്നത്.
കോർപറേറ്റ് കന്പനികൾ അടക്കമുള്ള ഗ്രൂപ്പുകൾ സംസ്ഥാന സർക്കാരുകൾ മുഖേനയോ, സ്വകാര്യ ആശുപത്രി ഗ്രൂപ്പുകൾ മുഖേനയോ വാക്സിനുകൾ വാങ്ങണമെന്നും എസ്ഐഐ അറിയിച്ചു.
കോവിഷീൽഡിന്റെ രണ്ടു ഡോസ് കുത്തിവയ്പെടുത്തവരിൽ 0.03 ശതമാനവും കൊവാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിൽ 0.04 ശതമാനവും മാത്രമേ പിന്നീട് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്താൽ ഫലപ്രദമായ പ്രതിരോധം ആകുമെന്നതിനു സൂചനയാണിത്.