കോഴിക്കോട്: കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് എംപിമാരായ എളമരം കരീം, എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
വാക്സിന് ഏതാനും ആഴ്ചകള്‍ക്കകം വിതരണത്തിന് തയാറാകും. എട്ട് ലാബുകളില്‍ വാക്സിന് പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും 10 ഡോളര്‍ മുതല്‍ 35 ഡോളര്‍ വരെ വില വരുമെന്നുമാണ് ആരോഗ്യ സെക്രട്ടറി യോഗത്തില്‍ അറിയിച്ചത്.
ഇത്രയും തുക നല്കി പാവപ്പെട്ടവര്‍ക്ക് വാക്സിനേഷന് എടുക്കാനാവില്ല. മുമ്പ് പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ സൗജന്യമായാണ് നല്‍കിയിരുന്നത്. വസൂരി, പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഈ മാതൃകയാണ് സ്വീകരിച്ചത്.
അതേ മാതൃക കോവിഡ് മഹാമാരിയുടെ കാര്യത്തിലും വേണം. യോഗം അവസാനിപ്പിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയില്‍ നിര്‍ഭാഗ്യവശാല്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ചില്ല.
മരുന്നുകമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമോ എന്ന് ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വന്ദുരന്തമാണുണ്ടാകുക.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. തുടര്‍പരിപാടികള്‍ ദേശീയ തലത്തില്‍ ആലോചിച്ച് തീരുമാനിക്കും.കോവിഡില്‍ തൊഴിലും വരുമാനവും നഷ്ടമായവര്‍ക്ക് പ്രതിമാസം 7,500 രൂപ അനുവദിക്കണം.
10 കിലോഗ്രാം വീതം ഭക്ഷ്യധാന്യവും സൗജന്യമായി നല്‍കണം. കോവിഡ് പ്രതിരോധത്തില്‍ മുന്നിൽനിന്ന് പ്രവര്‍ത്തിച്ച സംസ്ഥാനത്തിന് പ്രത്യേക സഹായം പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളിലൊന്നും പ്രധാനമന്ത്രിയില്‍നിന്ന് മറുപടിയുണ്ടായില്ലെന്നും ഇരുവരും പറഞ്ഞു.