ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ദുരന്തത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി.
ഇക്കാര്യത്തിൽ തിടുക്കം കൂട്ടേണ്ട കാര്യമില്ല. രാജ്യം മുഴുവൻ അതിനായി കാത്തിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പന്ത്രണ്ടു വയസുകാരി അമ്മ വഴിയും, എട്ടു വയസുള്ള മറ്റൊരു കുട്ടിയുടെ മാതാവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതി കുട്ടികളുടെ വാക്സിൻ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായ ശേഷം നൽകിയാൽ മതിയെന്നു വ്യക്തമാക്കിയത്.
കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികൾക്കാണ് കാര്യമായി വൈറസ് ബാധയേൽക്കാൻ പോകുന്നത് എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹർജി.
ജസ്റ്റീസുമാരായ ഡി.എൻ. പട്ടേൽ, ജ്യോതി സിംഗ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. വിഷയത്തിൽ കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച കോടതി കേസ് വീണ്ടും സെപ്റ്റംബർ ആറിന് പരിഗണിക്കും.
കുട്ടികളിലുള്ള കോവിഡ് വാക്സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വാക്സിന് വിദഗ്ധ സമിതി അനുമതി നൽകിയ ശേഷം കുട്ടികളിൽ വാക്സിൻ നൽകുന്നതു സംബന്ധിച്ച് നയത്തിന് രൂപം നൽകുമെന്നും കേന്ദ്രസർക്കാർ ധരിപ്പിച്ചു.
അതിനിടെ ഇതിനുള്ള നടപടികൾ സമബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സമയപരിധി നിർണയിക്കാൻ ആകില്ലെന്നും തിടുക്കം വേണ്ടെന്നും കോടതി മുന്നറിയിപ്പു നൽകിയത്.