സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് 19 വാക്സിനേഷൻ എടുക്കാൻ ജില്ലയിലെ 23 കേന്ദ്രങ്ങളിൽ എത്തുന്ന നൂറിലേറെ പേർ കാത്തുനിന്നു നിരാശരായി മടങ്ങുന്നു.
തലേന്നു രജിസ്റ്റർ ചെയ്ത് ടോക്കണ്‍ ലഭിച്ച വയോധികരാണ് വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടിവരുന്നത്.
60 കഴിഞ്ഞവർക്കും പോളിംഗ് ഉദ്യോഗസ്ഥരായി നിയോഗിക്കപ്പെടുന്നവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. നേരത്തെ അറുപതു വയസു കഴിഞ്ഞ 150 പേർക്ക് ഓരോ സെന്ററിലും വാക്സിൻ നൽകുമെന്നാണു പറഞ്ഞിരുന്നത്.
ഇതിൽതന്നെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത 100 പേർക്കും രജിസ്റ്റർ ചെയ്യാതെ ആദ്യം എത്തി ടോക്കണ്‍ എടുക്കുന്ന 50 പേർക്കും വാക്സിനേഷൻ നൽകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് ടോക്കണ്‍ ലഭിച്ച് കോവിഡ് വാക്സിൻ സെന്ററിൽ എത്തുന്നവർ വീണ്ടും ടോക്കണ്‍ എടുക്കേണ്ട അവസ്ഥയാണ്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു മുൻഗണന നല്കുന്നതിനാൽ വയോധികരെ തത്കാലം തിരിച്ച യ യ്ക്കുകയാണ്.
ടോക്കണ്‍ ലഭിച്ചവരിൽ പകുതിയോളം പേർ ഉൗഴമാകുന്നതിനായി വീട്ടിലേക്കു തിരിച്ചുപോയി ഉച്ചയ്ക്കുശേഷം വീണ്ടും വന്നാണു വാക്സിൻ സ്വീകരിക്കുന്നത്.
ജനറൽ ആശുപത്രികൾ, ജില്ലാശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഇന്നുവരെ പോളിംഗ് ഓഫീസർമാർക്കും ആ രോഗ്യപ്രവർത്തകർക്കും വാക് സിനേഷൻ നൽകുന്നുണ്ട്.
അവധിദിവസമായ ഞായറാഴ്ചകളിലും മറ്റു വാക്സിനേഷൻ ഉള്ള ബുധാനാഴ്ചകളിലും കോവിഡ് വാക്സിനേഷൻ നൽകില്ല. മെഡിക്കൽ കോളജിലും 22 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമാണ് വാക്സിൻ നൽകുന്നത്.
വാക്സിൻ നൽകുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ:
ആലപ്പാട്, ആളൂർ, ആനന്ദപുരം, എലിഞ്ഞിപ്ര, കടപ്പുറം, മറ്റത്തൂർ, മുല്ലശേരി, ഒല്ലൂർ, പാന്‍പൂർ, പഴഞ്ഞി, പെരിഞ്ഞനം, തിരുവില്വാമല, തോളൂർ, പുത്തൻചിറ, വാടാനപ്പിള്ളി, വടക്കേക്കാട്, വിൽവട്ടം, വെള്ളാനിക്കര, വെള്ളാങ്ങല്ലൂർ, അയ്യന്തോൾ, വേലൂർ, കൂളിമുട്ടം.
ജൂബിലി മിഷൻ ആശുപത്രിയിലും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് 250 രൂപ നിരക്കിൽ വാക്സിൻ എടുക്കാം.