തിരുവനന്തപുരം: അറുപതു വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് ഇന്ന് 4,06,500 ഡോസ് വാക്സിനുകള്‍ എത്തും.
തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസും വാക്സിനാണ് എത്തുന്നത്.
കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
മുന്നോറോളം സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷനു സൗകര്യം ഒരുക്കി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് മുന്നണിപ്പോരാളികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വാക്സിനേഷന് വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
രജിസ്റ്റര്‍ ചെയ്തു വാക്സിന് എടുക്കാന്‍ കഴിയാതെപോയ ആരോഗ്യ പ്രവര്‍ത്തകര്‍ 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കണം.
കഴിഞ്ഞ ദിവസം വരെ 3,38,534 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. അതില്‍ 71,047 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
ഇതുകൂടാതെ 79,115 കോവിഡ് മുന്നണി പോരാളികളും, 13,113 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. 611 വാക്സിനേഷന് കേന്ദ്രങ്ങൾ ഇപ്പോഴുണ്ട്.