കൽപ്പറ്റ: മാനന്തവാടി എടപ്പടിയിലെ 20കാരനായ കോവിഡ് ബാധിതനു നിരവധി ആളുകളുമായി സന്പർക്കം. ഏപ്രിൽ 27നും മെയ് രണ്ടിനും ഇടയിൽ യുവാവ് ബൈക്കിലും നടന്നും വിവിധ സ്ഥലങ്ങളിൽ പോയതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട സഞ്ചാരപഥം വ്യക്തമാക്കുന്നത്.
കഴിഞ്ഞ 26നു ചെന്നൈയിൽനിന്നു മാനന്തവാടിയിലെത്തിയ ലോറിയിലെ സഹായിയുടെ മകനാണ് യുവാവ്. സഹായിയുടെ പരിശോധനാഫലം നെഗറ്റീവാണ്. എന്നാൽ ലോറി ഡ്രൈവറിൽ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
ചെന്നൈയിൽനിന്നു തിരിച്ചെത്തിയ പിതാവുമായി സന്പർക്കമുണ്ടായ യുവാവ് 27നു രാവിലെ വീട്ടിൽനിന്നു ബൈക്കിൽ എടപ്പടിലെ പലചരക്കുകടയിലും ഉച്ചകഴിഞ്ഞു നടന്നു കളിസ്ഥലത്തും പോയിരുന്നു.
28നു രാവിലെ ബൈക്കിൽ എടപ്പടിയിൽത്തന്നെയുള്ള മുത്തശിയുടെ വീട്ടിലെത്തിയ യുവാവ് ഇവിടെനിന്നു മാനന്തവാടിയിലെ ഹാർഡ്വെയർ കടയിലും തുടർന്നു സിൻഡിക്കറ്റ്, ഗ്രാമീണ ബാങ്ക് ശാഖകളിലും എത്തി.
ഉച്ചയോടെ ചെറ്റപ്പാലത്തെ പന്പിലെത്തി പെട്രോൾ അടിച്ചു. ഇവിടെനിന്നു മുത്തശിയുടെ വീട്ടിലും തുടർന്നു സ്വന്തം വീട്ടിലുമെത്തി. 29, 30, മെയ് ഒന്ന് തിയതികളിൽ യുവാവ് വീടിനു പുറത്തു സഞ്ചരിച്ചില്ല.
എന്നാൽ രണ്ടിനു ഉച്ചകഴിഞ്ഞു എടപ്പടിയിലെ പലചരക്കുകടയിൽ പോയി. മൂന്നിനു രാവിലെ 11.30 ഓടെയാണ് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചത്.
ആംബുലൻസിൽ വീട്ടിലേക്കു മടങ്ങിയ യുവാവിനെ പിറ്റേന്നു രാത്രി എട്ടരയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചിനു സ്രവപരിശോധനാഫലം ലഭിച്ചപ്പോഴാണ് രോഗബാധിതനാണെന്നു വ്യക്തമായത്. ആരോഗ്യവകുപ്പ് രോഗിയുമായി സന്പർക്കെത്തിലേർപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിവരികയാണ്.
ലോറി ഡ്രൈവറുടെ 88 വയസുള്ള അമ്മ, 49കാരിയായ ഭാര്യ എന്നിവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അമ്മ ഏപ്രിൽ 28നും മെയ് മുന്നിനും ഇടയിൽ ക്ഷീരസംഘം, മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രി, സെന്റ് വിൻസന്റ്ഗിരി ആശുപത്രി എന്നിവിടങ്ങളിൽ പോയിരുന്നു.