പറവൂർ: കോവിഡ് ബാധിച്ച വിദ്യാർഥിനി എച്ച്ഡിസി പരീക്ഷയെഴുതി. പറവൂർ കോപ്പറേറ്റീവ് കോളജിലെ സെന്ററിൽ ആംബുലൻസിൽ ഇരുന്നാണ് വിദ്യാർഥിനി പരീക്ഷ പൂർത്തിയാക്കിയത്.
സെന്ററിൽ പരീക്ഷ എഴുതിയ 144 പേരും പരീക്ഷക്ക് ഹാളിൽ കയറിയ ശേഷമാണ് വിദ്യാർഥിനി എത്തിയത്. ഇവർക്ക് ചോദ്യപേപ്പറും ഉത്തരമെഴുതാൻ കടലാസെത്തിച്ചതും പിപിഇ കിറ്റ് ധരിച്ച എക്സാമിനർ എത്തിച്ചു നൽകുകയായിരുന്നു.
പരീക്ഷ കഴിഞ്ഞ് എല്ലാ വിദ്യാർഥികളും പോയശേഷമാണ് ആബുലൻസ് വിദ്യാർഥിനിയുമായി പോയത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സഹകരണ വകുപ്പിന്റെ എച്ച്ഡിസി പരീക്ഷയെഴുതാൻ തയാറെടുക്കുന്നതിനിടെയാണ് വിദ്യാർഥിനിക്ക് കോവിഡ് പോസിറ്റീവായത്.
അച്ചനും അമ്മക്കും സഹോദരനും കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇവർ ക്വാറന്റൈനിലായിരുന്നു. തൃശൂരായിരുന്നു പരീക്ഷ സെന്റർ അനുവദിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് സർക്കാർ തലത്തിൽ നടത്തിയ ഇടപെടലുകൾ മൂലം പറവൂരിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ അനുവാദം ലഭിച്ചു.
എന്നാൽ പരീക്ഷക്ക് പോകുന്നതിനുള്ള വാഹന സൗകര്യമടക്കം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുണ്ടായി. ഇവരുടെ വീടിന് സമീപമുള്ള പൊതുപ്രവർത്തകൻ ലൈജു ജോസഫും വടക്കേക്കര പഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിന്റെ ചുമതലക്കാരനായ കെ.എസ്. സനീഷിന്റെയും ഇടപെടലും വിദ്യാർഥിനിക്ക് തുണയായി.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസിൽ ഇതോടെ പരീക്ഷ കേന്ദ്രത്തിലെത്താനായി.
പരീക്ഷയെഴുതുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
ഇനിയുള്ള നാല് പരീക്ഷകൾ കൂടി എഴുതുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ ശാന്തകുമാരി പറഞ്ഞു.