ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി.
കോവിഡ് ബാധിതർക്ക് ഓക്സിജൻ തടയുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ലെന്ന് കോടതി താക്കീത് ചെയ്തു.
കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രസെന്‍ ആശുപത്രി നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
ഓക്സിജൻ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ലെന്നും കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ പ്രാദേശിക ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥരായാലും അവരെ തൂക്കിലിടാൻ മടിക്കില്ലെന്നും ജസ്റ്റീസുമാരായ വിപിൻ സാംഘി, രേഖ പാലി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.
ഡല്‍ഹിക്ക് പ്രതിദിനം 480 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണെന്നും എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, സുനാമിയാണെന്നാണ് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചത്. വരുംദിവസങ്ങളില്‍ രോഗബാധ കുത്തനെ ഉയര്‍ന്നേക്കാം.
ആ സാഹചര്യത്തെ നേരിടുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റാഫ്, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ എന്നിവയുടെ കാര്യത്തിൽ ഏതുവിധത്തിലാണ് തയാറെടുത്തിരിക്കുന്നതെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.
കോവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നല്കി.
അതേസമയം, തലസ്ഥാനത്ത് ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 കോവിഡ് രോഗികളാണ് ഇന്ന് ഓക്സിജൻ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്.
ഓക്സിജൻ ആവശ്യമായ ഏകദേശം 200 ഓളം കോവിഡ് രോഗികൾ നിലവിൽ ആശുപത്രിയിലുണ്ടെന്നാണ് വിവരം.