ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു.
മരണസംഖ്യയും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,79,459 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
3,647 പേർ മരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് വീണ്ടും രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിൽ 985 പേർ മരിച്ചു. 63,309 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
കേരളം, ഉത്തർ പ്രദേശ്, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ രോഗബാധ നിയന്ത്രണമില്ലാതെ തുടരുന്നു.
ബംഗളുരുവിൽ മാത്രം ഇന്നലെ 22,596 പുതുതായി രോഗം ബാധിച്ചു. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു.
രോഗബാധയുടെ നിരക്ക് ആശങ്കാജനകമായി തുടരുകയാണ്. ഫെബ്രുവരി 16ന് 1.38 ലക്ഷം കേസുകളാണ് ഉണ്ടായിരുന്നത്.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയായിരുന്നു അത്. 40 ദിവസംകൊണ്ട് അത് അഞ്ചു ലക്ഷമായി ഉയർന്നു.
അടുത്ത പന്ത്രണ്ടു ദിവസംകൊണ്ട് 10 ലക്ഷമായി. അതിനുശേഷം അപ്രതീക്ഷിതമായ ഉയർച്ചയാണ് രോഗബാധയിലുണ്ടായത്.
10 ദിവസംകൊണ്ട് അടുത്ത 10 ലക്ഷം രോഗികളുണ്ടായി. അടുത്ത ഒന്പതു ദിനംകൊണ്ട് വീണ്ടും 10 ലക്ഷം രോഗികൾ കൂടി.
കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിദിന രോഗികളുടെ എണ്ണം മൂന്നുലക്ഷത്തിനു മുകളിലാണ്.
പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശിച്ച് അമേരിക്ക
വാഷിംഗ്ടണ്: കോവിഡ് ബാധ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം ഇന്ത്യ വിടാൻ അമേരിക്കൻ ഭരണകൂടം നിർദേശിച്ചു.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിക്കുന്ന ഏറ്റവും ഉയർന്ന ലെവൽ 4 യാത്രാ നിർദേശമാണ് ഇപ്പോഴത്തേത്.
ഇന്ത്യയിലേക്കു യാത്ര ചെയ്യാതിരിക്കുകയും, ഏറ്റവും സുരക്ഷിതമായി എപ്പോൾ സാധ്യമാകുമോ അപ്പോൾ രാജ്യം വിടാനുമാണ് നിർദേശം.
ഇന്ത്യയിൽനിന്ന് 14 നേരിട്ടുള്ള വിമാനങ്ങളാണ് ദിവസേനയുള്ളത്. യൂറോപ്പ് വഴി കണക്ട് ചെയ്യുന്ന മറ്റു സർവീസുകളുമുണ്ട്.
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കഴിഞ്ഞദിവസം ഓസ്ട്രേലിയ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾക്കുമേൽ ഉള്ള സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യ സന്ദർശിച്ച യാത്രികർക്ക് യുകെയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്നു വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാർ നിർബന്ധമായും ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് നിയമം.