വൈപ്പിൻ: 35 ദിവസം മുന്പു കോവിഡ് ബാധിച്ചു മരിച്ചയാളുടെ വീട്ടിലേക്കു രോഗി ജീവിച്ചിരിക്കുന്നു എന്ന രീതിയിൽ സന്ദേശവും ആളെ കാണിച്ചുള്ള വീഡിയോ കോളും ചെയ്ത് ആശുപത്രിക്കാർ വീട്ടുകാരെ അന്പരപ്പിച്ചു.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ച മാലിപ്പുറം ചുള്ളിക്കൽ ഫ്രാൻസീസിന്റെ (57) ഭാര്യ ഗീതയുടെ ഫോണിലേക്കാണ് സന്ദേശവും വിളിയുമെത്തിയത്.
ഭർത്താവിനു കുറവുണ്ടെന്നും സോഡിയം കുറഞ്ഞുപോയതിനാൽ അതിന്റെ ചികിത്സകൾ നടത്തുന്നുണ്ടെന്നുമായിരുന്നു ചൊവ്വാഴ്ചയെത്തിയ സന്ദേശം.
ഇതിന്റെ തുടർച്ചയായി ആശുപത്രിയിൽനിന്നു ജീവനക്കാരി വീഡിയോ കോൾ വിളിച്ചശേഷം ഭർത്താവിനു ഗീതയെ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞു.
ഇതോടെ ഗീതയ്ക്കു തന്റെ പ്രിയ ഭർത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്ന സന്തോഷവും സംസ്കരിച്ചത് വേറെ ആരെയെങ്കിലുമായിരിക്കുമെന്ന സംശയവുമായി.
കോവിഡ് ബാധിച്ചു മരിച്ചതിനാൽ പള്ളിയിൽ സംസ്കരിക്കുന്ന സമയത്ത് ഒരു കവറിൽ നിഴൽ പോലെ മാത്രമായിരുന്നു വീട്ടുകാർ ഫ്രാൻസിന്റെ മൃതദേഹം കണ്ടത്.
വീഡിയോ കോൾ വ്യക്തമാകാതിരുന്നതിനാൽ സംശയം ദുരീകരിക്കാനും കഴിഞ്ഞില്ല. അതിനിടെ ആശുപത്രിയിൽനിന്നു ക്ഷമ ചോദിച്ചു ഗീതയ്ക്കു വീണ്ടും വിളിയെത്തി.
ആളുമാറിപ്പോയതാണെന്നും പള്ളുരുത്തി സ്വദേശിയായ മറ്റൊരു ഫ്രാൻസീസ് ആണ് ആശുപത്രിയിൽ ഉള്ളതെന്നും പറഞ്ഞായിരുന്നു വിശദീകരണം.
കോവിഡ് മരണങ്ങളിൽ മൃതദേഹം മാറിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുളളതിനാൽ ഗീതയും ബന്ധുക്കളും ആളെ ഒന്നുകൂടി കണ്ട് ഉറപ്പുവരുത്തണമെന്നു ശഠിച്ചു. തുടർന്നു രോഗിയെ നേരിൽ കണ്ടു സംസാരിച്ച് തന്റെ ഭർത്താവല്ലെന്നു ഗീത ഉറപ്പുവരുത്തുകയായിരുന്നു.