സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും പോലീസില്‍ ക്വാറന്റൈന് നടപ്പാക്കുന്നില്ല.
കോവിഡ് പോസിറ്റീവായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായാല്‍ പോലും പോലീസിന് ക്വാറന്റൈന് അനുവദിക്കുന്നില്ല.
രോഗലക്ഷണങ്ങള്‍ പ്രകടമാകും വരെ ജോലിയ്ക്കായി പോലീസുകാര്‍ എത്തുകയും ചെയ്യുന്നുണ്ട്.
കേസുകളുടെ ബാഹുല്യവും അതിനനുസരിച്ചുള്ള പോലീസുകാരുടെ അഭാവവുമാണ് പോലീസിനുള്ളിലെ ക്വാറന്റൈന് തടസമായുള്ളത്.
അതേസമയം രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ക്വാറന്റൈന് ലംഘനം പോലീസുകാര്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതേസമയം ക്വാറന്റൈന് ലംഘനം സേനയില്‍ പതിവായിട്ടും പൊതുജനങ്ങള്‍ക്കെതിരേയുള്ള പിഴ ഈടാക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല.
കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2021 പ്രകാരം ക്വാറന്റൈന് ലംഘനം നടത്തുന്നവര്‍ക്കെതിരേ 2000 രൂപ വരെ പിഴ ഈടാക്കാമെന്നാണ് പറയുന്നത്. ഈ നടപടികള്‍ പോലീസ് തുടരുന്നുണ്ട്.
ക്രമസമാധാന പ്രശ്നങ്ങളിലും കേസുകളിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടുമെല്ലാം സമൂഹത്തില്‍ പോലീസ് സദാസമയവും സാന്നിധ്യമായുണ്ട്.
അന്വേഷണത്തില്‍ പിടികൂടുന്ന പ്രതികളില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവാകാറുണ്ട്. ഇവരെ കോവിഡ് മാനദണ്ഡ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റിമാന്‍ഡ് ചെയ്യുന്നത്.
പ്രത്യേക സെല്ലിലാണ് ഇവരെ പാര്‍പ്പിക്കുന്നത്. അതേസമയം പോസിറ്റീവായ പ്രതിയെ പിടികൂടിയ പോലീസുകാര്‍ അടുത്ത നിമിഷം മുതല്‍ മറ്റു പോലീസുകാരുമായും പൊതുജനങ്ങളുമായും ഇടപെടും.
പോസിറ്റീവായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുകയും കോവിഡ് പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രം പുറത്തിറങ്ങണമെന്നാണ് കോവിഡ് മാനദണ്ഡമെന്ന് ഡിഎംഒ വി.ജയശ്രീ രാഷ്ട്ര ദീപികയോട് പറഞ്ഞു.
എന്നാല്‍ പോലീസില്‍ ഇതെല്ലാം കാറ്റില്‍പറത്തുന്ന അവസ്ഥയാണുള്ളത്. കോഴിക്കോട് സിറ്റിയിലെ കസബ പോലീസില്‍ മാത്രം രണ്ടു ദിവസത്തിനുള്ളില്‍ പത്ത് പോലീസുകാര്‍ക്കാണ് പോസിറ്റീവായത്.
എന്നാല്‍ പോസിറ്റീവായ പോലീസുകാര്‍ക്കൊപ്പം ജോലി ചെയ്തവരെല്ലാം ഇപ്പോഴും സ്റ്റേഷനില്‍ സജീവമായുണ്ട്.