മുംബൈ: മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയ സംഭവത്തിന് കാരണം ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചതാണെന്ന് വിലയിരുത്തല്‍. അപകടത്തില്‍പ്പെട്ട ബാര്‍ജിലെ ക്യാപ്റ്റന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് കടലില്‍ തുടരുകയായിരുന്നുവെന്നും ആരോപണം ഉയരുന്നു.
ഒഎന്‍ജിസിക്ക് കീഴിലാണ് അപകടത്തില്‍പ്പെട്ട ബാര്‍ജ് ഉള്‍പ്പടെ 99 ബാര്‍ജുകള്‍ കടലില്‍ ജോലി ചെയ്തിരുന്നത്. മുന്നറിയിപ്പ് പാലിച്ച് 94ഉം മടങ്ങി. എന്നാല്‍ അപകടത്തില്‍പ്പെട്ട ബാര്‍ജ് കടലില്‍ തന്നെ തുടരുകയായിരുന്നു.
മൊത്തം 261 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. ഇതില്‍ 186 പേരെ രക്ഷപെടുത്തി. 49 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ക്യാപ്റ്റന്‍ ഉള്‍പ്പടെ 37 പേരെ ഇനിയും കണ്ടെത്താനുണ്ട്.
മരിച്ച മലയാളികളുടെ എണ്ണം മൂന്നായി, ആകെ മരണം 49
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയില്‍ നിയന്ത്രണം വിട്ട ബാര്‍ജ് എണ്ണക്കപ്പലിൽ ഇടിച്ചുമുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
കൽപ്പറ്റ മൂപ്പൈനാട് സ്വദേശി വി.എസ്. സുമേഷിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35), കോട്ടയം ചിറക്കടവ് മൂങ്ങാത്രക്കവല അരിഞ്ചിടത്ത് സസിൻ ഇസ്മയിൽ (29) എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ.
ഇതോടെ, ബാർജ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. ഇനിയും കണ്ടെത്താനുള്ള 26 പേർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലു വിളികൾക്കിടയിലും തെരച്ചിൽ തുടരുകയാണ്.
ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയെങ്കിലും പ്രതീക്ഷയ്ക്കു വകനൽക്കുന്നതൊന്നും കണ്ടെത്താനായില്ല. ആളുകൾ ജീവനോടെ അവശേഷിക്കാനുള്ള സാധ്യത നേർത്തതായാണു സൂചനകൾ.
മുംബൈയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപം കാറ്റിനെത്തുടർന്നാണ് ബാർജ് (കൂറ്റൻ ചങ്ങാടം) അപകടത്തിൽപ്പെട്ടത്.
പി 305 നമ്പർ ബാർജ് തിങ്കളാഴ്ചയോടെ പൂർണമായും മുങ്ങിയിരുന്നു. ബാർജിൽ ഉണ്ടായിരുന്ന 261 പേരിൽ 186 പേരെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.
വരപ്രദ എന്ന ടഗ്ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിരുന്നു.