ആലപ്പുഴ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് വീണ്ടും കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ-സിഎഫ്എൽടിസി) തുറക്കാൻ തീരുമാനം.
ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് തീരുമാനം. 815 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള എട്ടു ചികിത്സാ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ തുറക്കുക.
ചെങ്ങന്നൂർ പുത്തൻകാവ് എസ്ബിഎസ് ക്യാന്പ് സെന്റർ(ഐപിസി ഹാൾ- 200 കിടക്കകൾ), ആലപ്പുഴ ടൗണ്‍ ഹാൾ(100 കിടക്കകൾ), തണ്ണീർമുക്കം കാരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാൾ(90 കിടക്ക), ചേർത്തല ടൗണ്‍ ഹാൾ(50 കിടക്ക), മാവേലിക്കര ടൗണ്‍ ഹാൾ(50 കിടക്ക), കായംകുളം ടൗണ്‍ഹാൾ(30 കിടക്ക), പത്തിയൂർ എൽമെക്സ് ആശുപത്രി(120 കിടക്ക), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(100 കിടക്ക) എന്നിവിടങ്ങളിലാണ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുക.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോട്ടലുകളിൽ ഭക്ഷണം പാർസലായി വിതരണം ചെയ്യുന്ന സമയത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകി. ഹോട്ടലുകളുടെ പ്രവർത്തനസമയം ഒന്‍പതു വരെയാണ്.
പാർസൽ ഭക്ഷണ വിതരണം രാത്രി 10 വരെയാക്കി. കൂടുതൽ കോവിഡ് രോഗികളുള്ള നൂറനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചു. പോലീസും സെക്ടറൽ മജിസ്ട്രേറ്റ്മാരും ഈ പ്രദേശങ്ങളിൽ കർശന പരിശോധന നടത്തും.
എടിഎം കൗണ്ടറുകൾ, കച്ചവട സ്ഥാപനങ്ങൾ, കന്പനികൾ തുടങ്ങിയവയുടെ മുന്പിൽ സാനിറ്റൈസർ സ്ഥാപിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി.
15 വയസിനു താഴെയുള്ള കുട്ടികൾക്കായുള്ള സമ്മർ ക്യാന്പ് ജില്ലയിൽ നിരോധിച്ചു. ടർഫ്, സ്പോർട്സ് ക്ലബ് എന്നിവയുടെ പ്രവർത്തനം രാത്രി ഒൻപതു മണി വരെയാക്കി.
ഓണ്‍ലൈനിലൂടെ ഓർഡർ ചെയ്ത് ഭക്ഷണവിതരണം നടത്തുന്നതിനു നിയോഗിക്കപ്പെടുന്നവർ കോവിഡ് നെഗറ്റീവാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പാക്കണം.
ആളുകൾ കൂടുതലായി എത്തുന്ന ഹോട്ടലുകൾ, മാളുകൾ, സിനിമ തിയേറ്ററുകൾ എന്നിവിടങ്ങളിൽ എ.സി.യുടെ ഉപയോഗം ഒഴിവാക്കണം.