മലപ്പുറം: ജില്ലയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനു കോവിഡ്- 19 സ്ഥിരീകരിച്ചതായി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകൾക്കാണ് രോഗബാധ. കുട്ടി ഇപ്പോൾ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് വൈറസ് ബാധയേൽക്കാനിടയായ സാഹചര്യം പരിശോധിച്ചു വരികയാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.
ഹൃദ്രോഗവും വളർച്ചക്കുറവുമുൾപ്പെടെ വിവിധ രോഗങ്ങളുള്ള കുട്ടി മൂന്നു മാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഏപ്രിൽ 17 ന് പയ്യനാടുള്ള വീട്ടിൽ വച്ച് ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചു.
ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിക്ക് ഏപ്രിൽ 17 മുതൽ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. അപസ്മാരമുണ്ടായതിനെ തുടർന്ന് 21 ന് പുലർച്ചെ 3.30 ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സാന്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു.
ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കുട്ടിയുള്ളത്.