ചെങ്ങന്നൂർ: ബഥേൽ ജംഗ്ഷനു സമീപമുള്ള റിലയൻസ് സൂപ്പർ മാർക്കറ്റിലെ 10 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.
കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ. ഷിബുരാജൻ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.
നിരീക്ഷണത്തിൽ പോകാതെ ജീവനക്കാർ പലരും ഓഫീസിൽനിന്നുള്ള കർശന നിർദേശത്തെ തുടർന്ന് റിലയൻസിന്റെ മറ്റു സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടച്ചിട്ട് സ്ഥാപനത്തിൽനിന്ന് ഹോംഡെലിവറി നടത്തിയതായും പരാതി ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എം. രാജീവിനോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുക്കാൻ ചെങ്ങന്നൂർ സിഐ ജോസ് മാത്യുവിന് നിർദേശം നൽകിയിട്ടുണ്ട്. ചെയർമാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറി ജി. ഷെറി ഇന്ന് റിലയൻസ് സൂപ്പർ മാർക്കറ്റ് അധികൃതർക്ക് നോട്ടീസ് നൽകും.
നഗരസഭാ ചെയർമാന്റെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ 12ന് ആരോഗ്യവിഭാഗം നോട്ടീസ് നൽകി കട അടപ്പിക്കുകയായിരുന്നു.