ന്യൂഡൽഹി: ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം വരുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്ര ഭയാനകമാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല-
ഡൽഹി മൂൽചന്ദ് ആശുപത്രിയില എമർജൻസി ആൻഡ് ട്രോമ വിഭാഗം മേധാവി അലി റാസയാണ് ഇതു പറയുന്നത്.
അദ്ദേഹത്തിനു കീഴിലുള്ള 20 ഡോക്ടർമാരിൽ 12 പേരും കോവിഡ് ബാധിതരായി കിടപ്പിലാണ്. അപ്പോഴും ഇടതടവില്ലാതെ രോഗികൾ ആശുപത്രിയിലേക്കു വരികയും ചെയ്യുന്നു.
ഇവരെല്ലാവരും ഓക്സിജൻ കിട്ടാതെ ജീവിച്ചിരിക്കില്ല എന്ന അവസ്ഥയിലും! അടുത്ത ലോഡ് ഓക്സിജൻ എപ്പോൾ വരുമെന്നുപോലും നിശ്ചയമില്ലാതെയാണ് അദ്ദേഹം നിൽക്കുന്നത്.
അതേ ആശുപത്രിയുടെ വാതിലിനു പുറത്ത് ഗഗൻദീപ് ത്രിഹാൻ എന്നൊരാൾ നിൽപ്പുണ്ട്. മരണത്തോടു പൊരുതുന്ന സ്വന്തം അമ്മാവനെ കൊണ്ടുവന്നതാണ്.
പഞ്ചാബിന്റെ വടക്കൻ മേഖലയിൽനിന്ന് 310 കിലോമീറ്റർ ദൂരം വാഹനമോടിച്ചാണ് ഗഗൻദീപ് അമ്മാവനെ കൊണ്ടുവന്നിരിക്കുന്നത്.
പുറത്തു പാർക്ക് ചെയ്ത കാറിൽ ഓക്സിജൻ സിലിണ്ടറിൽനിന്ന് അദ്ദേഹം ശ്വസിക്കുന്നു. അതു തീരാറായിരിക്കുന്നു. ആറ് ആശുപത്രികളിൽ കിടക്കയും ഓക്സിജനും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇവിടെയും ഇല്ല. കാർ തിരിച്ച് അടുത്ത ആശുപത്രിയിലേക്കു പോകുകയാണ് ഗഗൻദീപ്. ചികിത്സ കിട്ടിയില്ലെങ്കിൽ അദ്ദേഹം മരിച്ചുപോകുമെന്ന് എനിക്കു പേടിയാകുന്നു.
ഒരു കിടക്കയ്ക്കുവേണ്ടി എത്ര രൂപ മുടക്കാനും ഞാൻ തയാറാണ്- ഗഗൻ പറഞ്ഞു. ഇല്ലാത്തത് പണംകൊടുത്താൽ എങ്ങനെ കിട്ടും!
രാജ്യത്തെ മൊത്തം സ്ഥിതിയുടെ ഒരു പ്രതിഫലനമാണ് മൂൽചന്ദ് ആശുപത്രിയിൽനിന്നു കിട്ടുന്നത്.
ജനിതക വ്യതിയാനം വന്ന വൈറസ് ആഞ്ഞടിക്കുന്പോൾ ചികിത്സാ സംവിധാനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നു. വാക്സിനേഷനും പൂർണതോതിൽ മുന്നോട്ടു നീങ്ങുന്നില്ല.
ഡൽഹിയിലെ ആശുപത്രികൾ ഇപ്പോഴും ഓക്സിജൻ ക്ഷാമം നേരിടുന്നു. ജീവിച്ചിരിക്കുക എന്നത് ഒരു പോരാട്ടമായി മാറിയിരിക്കുന്നു ഇവിടങ്ങളിൽ. അടുത്തനിമിഷം എന്ത് എന്നറിയാത്തവിധം.