തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ15 ന് ആരംഭിക്കേണ്ട അല്പശി ഉത്സവം മാറ്റിവച്ചു. പെരിയനന്പി, പഞ്ചഗവ്യത്ത് നന്പി എന്നിവരും ജീവനക്കാരും ഉൾപ്പെടെ 12 പേർക്കാണ് കോവിഡ് ബാധിച്ചത്.
ക്ഷേത്രത്തിൽ വർഷത്തിൽ ആറുമാസത്തിലൊരിക്കൽ മീനത്തിലും തുലാത്തിലും രണ്ട് ഉത്സവം പതിവുള്ളതാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കേണ്ട പൈങ്കുനി ഉത്സവം ലോക്ക് ഡൗണ്‍ മൂലം തടസപ്പെട്ടിരുന്നു.
ഈ ഉത്സവം കഴിഞ്ഞ മാസം ആഘോഷരഹിതമായി നടത്തിയിരുന്നു. ശംഖുമുഖത്ത് പതിവുള്ള ആറാട്ടിന് പകരം ക്ഷേത്രത്തിന് മുൻഭാഗത്തുള്ള പത്മതീർഥത്തിൽ ആറാട്ട് നടത്തി ചടങ്ങ് നിർവഹിച്ചു.
തുലാമാസത്തിൽ നടത്തുന്ന അല്പശി ഉത്സവം മുറതെറ്റാതെ നടത്താനാണ് ആദ്യത്തെ ഉത്സവം ചടങ്ങുകളോടെ നടത്തിയത്.
നവരാത്രി ഉത്സവകാലത്തെ അല്പശി ഉത്സവത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനിടെയാണ് ക്ഷേത്രത്തിലെ കോവിഡ് വ്യാപനം കാരണം ഉത്സവം മാറ്റിവച്ചത്.
കോവിഡ് വ്യാപനം വന്നതോടെ ക്ഷേത്രത്തിൽ ദർശനം നിർത്തിവച്ചിരുന്നു. അടുത്തിടെ മുതൽനിശ്ചിത എണ്ണം ഭക്തർക്ക് ഓണ്‍ലൈൻ രജിസ്ട്രേഷനിലൂടെ ദർശനം അനുവദിച്ചു തുടങ്ങിയെങ്കിലും തിരക്കില്ലായിരുന്നു.
ഒറ്റക്കൽ മണ്ഡപത്തിന് താഴെ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
മറ്റ് ശാന്തിക്കാരുടെ അഭാവത്തിൽ ഉത്സവനടത്തിപ്പ് പ്രയാസകരമാണ്.തുടർന്നാണ് അല്പശി ഉത്സവം മാറ്റിവയ്ക്കാൻ തന്ത്രി നിർദേശിച്ചത്.
ഉത്സവത്തിനുള്ള അടുത്ത തീയതി തന്ത്രിയുമായി ആലോചിച്ച് ക്ഷേത്ര ഭരണസമിതി തീരുമാനിക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പം സമീപത്തെ നാലു ക്ഷേത്രങ്ങളിലും ഉത്സവം നടക്കാറുണ്ട്.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, ചെറിയ ഉദേശ്വരം ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് ഉത്സവം നടക്കാറുള്ളത്.
ശംഖുമുഖത്ത് ഇവയുടെ കൂടിയാറാട്ടും പതിവുള്ളതാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവം മാറ്റിയ പശ്ചാത്തലത്തിൽ ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും മാറ്റിയേക്കും.