കണ്ണൂർ:പതിനാലുകാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നഗരം അടച്ചതിനു പിന്നാലെ സമീപ പ്രദേശങ്ങളും കൂടുതൽ നിയന്ത്രണത്തിലേക്ക്. കണ്ണൂർ കോർപ്പറേഷനിലെ ആറ്റടപ്പയിലും ചിറക്കൽ പഞ്ചായത്തിലെ അലവിലും ഇന്നലെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൂടുതൽ പ്രദേശങ്ങൾ അടച്ചിടലിലേക്ക് നീങ്ങുന്നത്.
വിദേശത്തുനിന്നും മറുനാടുകളിൽ നിന്നും എത്തിയരിൽ പുതിയതായി രോഗബാധത റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
കണ്ണൂർ കോർപ്പറേഷനിലെ 31-ാം ഡിവിഷൻ, ചിറക്കൽ പഞ്ചായത്തിലെ 23-ാം വാർഡ് എന്നിവിടങ്ങളിലാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. കോർപ്പറേഷനിലെ ആറ്റടപ്പ ഡിവിഷനിലെ 45 വയസുള്ള യുവാവിന് കോവിഡ് പോസറ്റീവായി. ഇയാൾ ബംഗളരുവിൽ നിന്നും നാട്ടിൽ എത്തിയതായിരുന്നു.
കണ്ണൂർ നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള അലവിൽ ഖസാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിയ 51 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നെടുംമ്പാശേരി വിമാനത്താവളം വഴി കഴിഞ്ഞ 15 നാണ് ഇയാൾ നാട്ടിലെത്തിയത്.
ഈ രണ്ടു പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ സമീപ പ്രദേശങ്ങളിലേക്കും നിയന്ത്രണം കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇരുവരും അവരുടെ വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ഇതുകാരണം കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടില്ലെന്നത് ആശ്വാസത്തിലാണ് നാട്ടുകാർ. അതേസമയം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലും പോലീസ് നിയന്ത്രണം ഏർപ്പെടുത്തുന്നതായി പരാതിയുയർന്നിട്ടുണ്ട്.
പള്ളിക്കുന്ന് ഭാഗങ്ങളിലും മറ്റും അനാവശ്യ നിയന്ത്രണങ്ങൾ കാരണം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ കോർപ്പറേഷൻ അധികൃതരും ചിറക്കൽ പഞ്ചായത്തും പ്രത്യേകം യോഗം ചേർന്നു. ആരോഗ്യ വകുപ്പും സ്ഥിതിഗതികൾ വിലയിരുത്തി.