കട്ടപ്പന: കട്ടപ്പനയിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കട്ടപ്പന മാർക്കറ്റും പ്രാന്തപ്രദേശങ്ങളും 14 ദിവസത്തേക്ക് അടച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സന്പർക്കത്തിൽ മറ്റാർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അടച്ചിടീൽ വീണ്ടും നീളും.
നഗരസഭയിലെ എട്ടാം വാർഡ് പൂർണമായും ഒൻപത്, 17 വാർഡുകൾ ഭാഗീകമായും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് വെള്ളിയാഴ്ച രാത്രി 9.30-നാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട വാർഡുകളിലേക്കുള്ള കട്ടപ്പന- ഇരട്ടയാർ മെയിൻ റോഡ് ഒഴികെയുള്ള റോഡുകൾ പൂർണമായും അടച്ചു. സെൻട്രൽ ജംഗ്ഷനിൽനിന്നും ഇടശേരി ജംഗ്ഷനിലെത്തി എൽഐസി ജംഗ്ഷൻവഴി കെ എസ്ഇബി ജംഗ്ഷനിലെത്തി തിരികെ സെൻട്രൽ ജംഗ്ഷനിൽ എത്തുന്ന റോഡിന്റെ ഇടതുവശമാണ് കണ്ടെയിൻമെന്റ് സോണ്.
കട്ടപ്പന ടൗണിലെ പഴം – പച്ചക്കറി സ്ഥാപനത്തിലെ ജോലിക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ സാധനങ്ങൾ വാങ്ങുന്നതിനായി തമിഴ്നാട്ടിലേക്ക് പോകുകയും സാധനങ്ങൾ ചില്ലറ വിൽപനശാലകളിൽ എത്തിച്ചു നൽകുകയും ചെയ്തിരുന്നു.
13നാണ് അവസാനമായി ഇയാൾ തമിഴ്നാട്ടിൽ പോയി തിരികെയെത്തിയത്. 15-ന് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനേതുടർന്ന് താലൂക്ക് ആശുപത്രയിൽ ചികിത്സ തേടി. കോവിഡ് സംശയത്തെതുടർന്ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇയാളെ നെടുങ്കണ്ടത്തെ ക്വാറന്ൈറൻ സെന്ററിലേക്കു മാറ്റുകയും ചെയ്തിരുന്നു.
നിലവിൽ ഇയാളുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ ഇരുപതോളം പേരായി. കുടുംബാംഗങ്ങൾ ഉൾപെടെ 16 പേരുടെ സ്രവം ശേഖരിച്ചു. യുവാവ് ജോലിചെയ്യുന്ന സ്ഥാപന ഉടമ, മറ്റു ജീവനക്കാർ, മാർക്കറ്റിലെ മറ്റു കടകളിലുള്ളവർ, ചുമട്ടു തൊഴിലാളികൾ, കുടുംബാംഗങ്ങൾ, ഇയാളുടെ പേഴുംകവലയിലെ വീടുനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരാണ് സന്പർക്ക പട്ടികയിലുള്ളത്. ഇവരിൽ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു.
കണ്ടെയിൻമെന്റ് മേഖലയിൽ വളരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. പുറത്തിറങ്ങുന്നവർ നിർബന്ധമായും മുഖാവരണം ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവ തുറന്നുപ്രവർത്തിക്കാൻ പാടില്ല. അവശ്യ വസ്തുക്കൾ ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള നടപടികൾ, സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സേവനം വിനിയോഗിച്ച്, നിർവഹിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പന്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ തുറന്നു പ്രവർത്തിക്കാം. സാമൂഹിക അടുക്കളകൾക്ക് തുടർന്നും പ്രവർത്തിക്കാം. ബാങ്കുകൾ രാവിലെ 10 മണിമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവർത്തിക്കാം.