ന്യൂഡൽഹി: ശാന്തി എന്ന് അർഥംവരുന്ന പേരുകളാണ് ഉത്തരേന്ത്യയിലെ ശ്മശാനങ്ങൾക്ക് അധികവും. എന്നാലിപ്പോൾ അവിടങ്ങളിലെല്ലാം അശാന്തി നിറയുകയാണ്.
കോവിഡ് മരണങ്ങൾ കണക്കില്ലാത്തവിധം കൂടിയതോടെ ശ്വാസംമുട്ടുകയാണ് ഈ ശ്മശാനങ്ങൾക്ക്. ഡൽഹി, അഹമ്മദാബാദ്, ലഖ്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഈ അവസ്ഥ.
ദിവസേന ഏതാണ്ട് 20 വരെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മശാനങ്ങളിൽ ഇപ്പോൾ നൂറിലേറെയാണ് വരുന്നത്. മിക്കയിടങ്ങളിലും ഇത്ര മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയില്ല.
ഗ്യാസും വൈദ്യുതിയും ഉപയോഗിച്ചു പ്രവർത്തിക്കുന്നയിടങ്ങളിൽ ഇപ്പോൾ വിറകും ഉപയോഗിച്ചുതുടങ്ങി.
എന്നാൽ വിറകിനും ക്ഷാമം വരുന്നു. മൃതദേഹങ്ങൾ വേഗം കത്തിപ്പിടിക്കാനായി പെട്രോളും മണ്ണെണ്ണയും ഒഴിച്ചുതുടങ്ങിയതോടെ പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും തുടങ്ങി.
ഇന്നലെ റിപ്പോർട്ട് ചെയ്തതുപോലെ ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ ദിവസും സംസ്കരിക്കാൻ എത്തുന്നത് നൂറിലേറെ മൃതദേഹങ്ങളാണ്.
ഇതിൽ മുപ്പതിലേറെയും കോവിഡ് രോഗികളുടേതാണെന്ന് ശ്മശാനത്തിലെ നടത്തിപ്പുകാരനായ അവധേഷ് ശർമ പറഞ്ഞു.
ദിവസേന മൃതദേഹങ്ങൾ എത്തുന്നത് കൂടിവരുന്നു. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി നൂറിലേറെയാണ് ഡൽഹിയിലെ കോവിഡ് മരണങ്ങൾ.
ഗുജറാത്തിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങളുമായി എത്തുന്നവരുടെ നീണ്ട വരിയാണ്. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിൽ സ്ഥിതി അതിരൂക്ഷമാണ്.
മധ്യപ്രദേശിലെ ഭോപ്പാലിൽ 37 മരണങ്ങളാണ് കഴിഞ്ഞദിവസമുണ്ടായത്. ഭോപ്പാൽ ദുരന്തത്തിനുശേഷം ഇതാദ്യമായാണ് ശ്മശാനത്തിൽ ഇത്രയും മൃതദേഹങ്ങൾ ഒന്നിച്ചെത്തുന്നതെന്ന് ശ്മശാനം സൂക്ഷിപ്പുകാരനായ പ്രദീപ് കനോജ പറയുന്നു.
ദയനീയ സ്ഥിതിയിലുള്ള ഉത്തർപ്രദേശിലും മൃതദേഹ സംസ്കാരം വലിയ ചോദ്യചിഹ്നമാണ്. ലഖ്നൗ ശ്മശാനത്തിൽ 80 മൃതദേഹങ്ങൾ വരെ ദിവസേന എത്തുന്നു.
ഇതോടെ സൗകര്യങ്ങൾ വളരെ പരിമിതമായി. ഇവിടെ അഞ്ച് വൈദ്യുതി ശ്മശാനങ്ങൾകൂടി തുറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.