തൊടുപുഴ: ലോക്ക് ഡൗണ്‍ കാലയളവ് ഈസ്റ്റർ വിപണിക്കും കനത്ത തിരിച്ചടി. പോത്തിറച്ചിക്ക് ക്ഷാമം നേരിട്ടത് ആവശ്യക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ലോക്ക് ഡൗണ്‍ മൂലം വാഹനസർവീസ് നിലച്ചതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നും ഉരുക്കളെ എത്തിക്കാനാകാതെ വന്നതാണ് ഈസ്റ്റർ വിപണിയിൽ പോത്തിറച്ചിക്ക് ക്ഷാമം നേരിടാൻ കാരണമായത്. ഒടുവിൽ നാട്ടിൽ വളർത്തിയിരുന്നവയെ വാങ്ങിയാണ് ഇറച്ചി സ്റ്റാളുകളിൽ കുറച്ചെങ്കിലും എത്തിക്കാനായത്.
ഇവ വാങ്ങുന്നതിനു തിരക്ക് വർധിച്ചതോടെ സ്റ്റാൾ ഉടമകളും ദുരിതത്തിലായി. തിരക്ക് വർധിച്ചതോടെ ടോക്കണ്‍ നൽകിയാണ് ആളുകളെ നിയന്ത്രിച്ചത്.
പോത്തിറച്ചി കിട്ടാനില്ലാതായതോടെ കിലോഗ്രാമിന് 350 -400 തോതിലാണ് പലയിടത്തും വില്പന നടന്നത്. നേരത്തെ 320- 330 ആയിരുന്നു വില. നാട്ടിൻപുറങ്ങളിൽ നിന്നുവാങ്ങിയ പോത്തിന് വില കൂടുതലാണെന്ന കാരണം പറഞ്ഞാണ് വില ഉയർത്തിയതെന്നാണ് സ്റ്റാൾ ഉടമകൾ പറയുന്നത്.
പോത്തിറച്ചിക്കു പുറമെ കോഴിയിറച്ചിക്കും വില കുതിച്ചുയർന്നു. ഒരാഴ്ച മുന്‍പുവരെ കിലോയ്ക്ക് 100-ൽ താഴെയായിരുന്നു വിലയെങ്കിൽ ഇന്നലെ 125 മുതൽ 140 വരെയായിരുന്നു പലയിടത്തും വില.
പന്നിയിറച്ചിക്ക് കാര്യമായ ക്ഷാമം അനുഭവപ്പെട്ടില്ല. അതിനാൽ വിലയിലും കാര്യമായ വ്യത്യാസമുണ്ടായില്ല. കിലോയ്ക്ക് 230-240 തോതിലായിരുന്നു തൊടുപുഴയിലെ വില.
രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമേ കടകൾ തുറന്നു പ്രവർത്തിപ്പിക്കാവൂ എന്ന നിർദേശമുള്ളതിനാൽ നേരത്തെ തന്നെ സാധനങ്ങൾ വാങ്ങാനുള്ള വ്യഗ്രതയിലായിരുന്നു ആളുകൾ.
അതേസമയം പച്ചമത്സ്യം വിപണിയിൽ കാര്യമായി വില്പനയ്ക്ക് എത്തിയില്ല.രാസപദാർത്ഥങ്ങൾ ചേർത്ത മത്സ്യം വിപണിയിൽ വ്യാപമായി വിറ്റഴിക്കുന്നതായി കണ്ടെത്തിയതിനെതുടർന്നു സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ പരിശോധന നടന്നുവരികയാണ്.
സംസ്ഥാനത്ത് വള്ളങ്ങളിൽ മാത്രമാണ് മൽസ്യ ബന്ധനത്തിന് അനുമതിയുള്ളത്. ഇതിനാൽ ലഭ്യത വളരെ കുറവാണ്. ഇതു മുതലെടുത്താണ് ഇതര സംസ്ഥാനങ്ങളിൽനിന്നു ഫോർമാലിനും അമോണിയയും ഉൾപ്പെടെയുള്ള രാസപദാർഥങ്ങൾ ചേർത്ത് മാസങ്ങളായി സൂക്ഷിച്ചിരുന്ന മത്സ്യം ഈസ്റ്റർ വിപണിയിൽ വില്നയ്ക്കായി എത്തിക്കാനുള്ള ശ്രമം നടന്നത്.
എന്നാൽ പരിശോധനയെ മറികടന്നും ഇന്നലെ ജില്ലയുടെ വിവിധയിടങ്ങളിൽ വില്പനയ്ക്ക് എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തിരുന്നു.
കടൽ മൽസ്യത്തിനുണ്ടായ ക്ഷാമം നാട്ടിൻപുറങ്ങളിലെ മത്സ്യകർഷകർക്ക് നേട്ടമായി. പടുതാകുളങ്ങളിലും മറ്റും കൃഷി ചെയ്തിരുന്ന മത്സ്യങ്ങളുടെ വിളവെടുപ്പ് ഇന്നലെ നടത്തിയതു കർഷകർക്കും അതോടൊപ്പം ആവശ്യക്കാർക്കും നേട്ടമായി. ഗിഫ്റ്റ് തിലാപ്പിയ,കട്ള,വാള തുടങ്ങിയ മത്സ്യങ്ങളുടെ വിളവെടുപ്പാണ് ഇന്നലെ നടത്തിയത്.