അടിമാലി: അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇവരുടെ എട്ടുമാസം പ്രായമായ ഗർഭസ്ഥശിശു മരിച്ചതായി അടിമാലി താലൂക്കാശുപത്രിയിലെ ഡോ. സത്യ ബാബു അറിയിച്ചു.
യുവതിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിനെ തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെ ലേബർ റൂം അണുവിമുക്തമാക്കാൻ താൽക്കാലികമായി അടച്ചു.
നടുവു വേദനയെതുടർന്ന് കഴിഞ്ഞദിവസം അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ മുതുവാൻകുടി സ്വദേശിയായ യുവതിക്കാണ് പരിശോധനയ്ക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് യുവതിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയലേക്കു മാറ്റി.
പരിശോധനയിൽ ഗർഭസ്ഥശിശു മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയെ പുറത്തെടുക്കുവാനുള്ള ചികിത്സ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതിക്ക് കോവിഡ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്.
തുടർന്നാണ് ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയലേക്കു മാറ്റിയത്. യുവതിയെ പരിശോധിച്ച അടിമാലി താലൂക്കാശുപത്രിയിലെ ഡോക്ടർ നിരീക്ഷണത്തിൽപോയി.