പത്തനംതിട്ട: കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച തിരുവല്ല പെരുന്തുരുത്തി സ്വദേശി പി.ടി. ജോഷി (68)ക്കു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാച്ചെലവ് വാങ്ങിയെന്നും പരാതി.
ജോഷി കടുത്ത പ്രമേഹരോഗിയാണെന്നും മറ്റു രോഗങ്ങൾ അലട്ടിയെന്നുമുള്ള ആരോഗ്യമന്ത്രിയുടേതടക്കമുള്ള വാദം ജോഷിയുടെ കുടുംബം തള്ളി. മെഡിക്കൽ കോളജിൽ ചികിത്സാച്ചെലവ് എന്ന പേരിൽ 85,608 രൂപ തങ്ങളിൽ നിന്നു വാങ്ങിയതായും മരുമകൾ ബിബി ലിജു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഷാർജയിലെ വിസിറ്റിംഗ് വീസയിൽ പോയിരുന്ന ജോഷി കഴിഞ്ഞ 11നാണ് ദുബായ് കൊച്ചി വിമാനത്തിലെത്തിയത്. തുടർന്ന് പത്തനംതിട്ടയിലെ നിരീക്ഷണകേന്ദ്രത്തിലായിരുന്നു.
16നു സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും 18ന് പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോഷി വിദേശത്തേക്കു പോകുന്പോഴും അവിടെ എത്തിയ ശേഷവും നടത്തിയ പരിശോധനയിൽ പ്രമേഹം ഉണ്ടായിരുന്നില്ല.
എന്നാൽ, ജനറൽ ആശുപത്രിയിൽ ചികിത്സിക്കുന്പോൾ പ്രമേഹം ഉണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകൾ ഉണ്ടായില്ല.
24നു വൈകുന്നേരം ആരോഗ്യനില വഷളായെന്നു ബന്ധുക്കളെ അറിയിച്ചെങ്കിലും 25നു മാത്രമാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. കോവിഡ് ചികിത്സ പൂർണമായും സൗജന്യമാണെന്നിരിക്കെയാണ് തങ്ങളിൽനിന്നു മെഡിക്കൽ കോളജ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, മെഡിക്കൽ കോളജിൽ ജോഷിയുടെ കുടുംബത്തിൽനിന്നു വാങ്ങിയ പണം വിദേശത്തുനിന്നു മരുന്നെത്തിക്കാൻ വേണ്ടിയുള്ളതായിരുന്നെന്ന് അധികൃതർ പറഞ്ഞു. കുടുംബത്തെ ഇക്കാര്യം നേരത്തെ ധരിപ്പിച്ചിരുന്നതാണെന്നും പറയുന്നു.
വില കൂടിയ മരുന്നു വാങ്ങിയതു വീട്ടുകാരുടെ നിർബന്ധപ്രകാരമെന്ന് അധികൃതർ
ഗാന്ധിനഗർ: കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച തിരുവല്ല സ്വദേശി പി.ടി.ജോഷിയുടെ ചികിത്സയ്ക്ക് 85,600 രൂപ ചെലവായെന്ന വീട്ടുകാരുടെ ആരോപണത്തിനു മറുപടിയുമായി മെഡിക്കൽ കോളജ് അധികൃതർ.
ജോഷി ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്തു ബന്ധുക്കളെക്കൊണ്ടു മരുന്നു വാങ്ങിപ്പിച്ചത് അവരുടെതന്നെ നിർബന്ധം മൂലമാണെന്ന് ആശുപത്രി സൂപ്രണ്ട് ടി.കെ. ജയകുമാർ.
സൂപ്രണ്ടിന്റെ വിശദീകരണം ഇങ്ങനെ: ബുധനാഴ്ച രാത്രി രോഗിയുടെ ആരോഗ്യനില മോശമാകുകയും ഹൃദയമിടപ്പ് കുറയുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ബന്ധുക്കളെ വിളിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഡോ.രതീഷ് കുമാർ രോഗിയുടെ ആരോഗ്യനില മോശമാണെന്ന വിവരം ധരിപ്പിച്ചു.
ഈ സമയം രോഗിയുടെ ചില ബന്ധുക്കൾ വിദേശങ്ങളിൽ ടോസിലിസുമാബ്, ഇമ്യുണോഗ്ലോബുലിൻ എന്നീ മരുന്നുകൾ കോവിഡ് രോഗികൾക്കു നൽകുന്നുണ്ടെന്നും അതു നൽകി നോക്കണമെന്നും നിർബന്ധിച്ചു. തുടർന്നു ബന്ധുക്കൾത്തന്നെ എറണാകുളത്തുനിന്നു മരുന്നു വാങ്ങിക്കൊണ്ടുവന്നു.
വ്യാഴാഴ്ച വൈകുന്നേരം ഒരു ഡോസ് കൊടുക്കുകയും ചെയ്തു. മരുന്നുകൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ ആരോഗ്യനിലയിൽ അല്പം ആശ്വാസം ഉണ്ടായി. 12 മണിക്കൂർ കഴിഞ്ഞ് അടുത്ത ഡോസ് കൊടുക്കുന്നതിനു ബന്ധുക്കൾ വീണ്ടും മരുന്നു വാങ്ങാനായി എറണാകുളത്തേക്കു പോയി.
എന്നാൽ, രോഗിയുടെ നില വീണ്ടും മോശമായതിനെത്തുടർന്നു വില കൂടിയ മരുന്നു വാങ്ങാതെ ഉടൻ തിരിച്ചെത്താൻ ബന്ധുക്കളോട് ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതല്ലാതെ മനപ്പൂർവം യാതൊരു വിധ ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലെന്നു ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.