സാഗർ: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ ഒറ്റ സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുത്തിവയ്പ്പ് നൽകി “വിസ്മയം’ തീർത്ത് മധ്യപ്രദേശിലെ ആരോഗ്യ പ്രവർത്തകൻ.
സാഗർ മേഖലയിലെ ജെയിൻ പബ്ലിക്ക് സ്കൂളിലാണ് ഗുരുതരമായ ഈ വീഴ്ച സംഭവിച്ചത്.
കുത്തിവയ്പ്പ് നൽകാനായി സ്കൂളിലെത്തിയ ജിതേന്ദ്ര എന്ന ആരോഗ്യ പ്രവർത്തകനാണ് മുപ്പതോളം കുട്ടികൾക്ക് ഒരൊറ്റ സൂചി ഉപയോഗിച്ച് പ്രതിരോധ മരുന്ന് നൽകിയത്.
ഒരേ സൂചി വീണ്ടും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ താൻ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നും മേലധികാരികൾ പ്രതിരോധ കുത്തിവയ്പ്പ് ക്യാന്പിനായി ഒരു സിറിഞ്ച് മാത്രം നൽകിയത് തന്റെ കുറ്റമല്ലെന്നും ജിതേന്ദ്ര വിശദീകരിച്ചു.
ജിതേന്ദ്ര തന്റെ “നിസഹായവസ്ഥ’ വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
ജിതേന്ദ്രക്കെതിരെയും ജില്ലാ പ്രതിരോധ കുത്തിവയ്പ്പ് മേൽനോട്ട് ഉദ്യോഗസ്ഥനായ ഡോക്ടർ രാകേഷ് റോഷനെതിരെയും നടപടി എടുക്കാൻ കളക്ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച ജനുവരി 2021 മുതൽ കേന്ദ്ര സർക്കാർ ശക്തമാക്കാൻ ഉദേശിച്ച “ഒരു സൂചി-ഒരു കുത്തിവയ്പ്പ്’ ആരോഗ്യ നയത്തിന്റെ നഗ്നമായ ലംഘനം ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.