ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ 15 മാസമായി മോർച്ചറിയിൽ. ബംഗളൂരു രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം.
കെ.പി അഗ്രഹാര സ്വദേശി 62കാരനായ മുനിരാജു(62), ചാമരാജ്പേട്ട് സ്വദേശി ദുർഗ(40) എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ പഴയ മോർച്ചറിയിൽ കണ്ടെത്തിയത്.
2020 ജൂലൈയിലാണ് ദുര്‍ഗയെയും മുനിരാജുവിനെയും കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല.
നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി മൃതദേഹങ്ങൾ ആശുപത്രിയിലെ പഴയ മോർച്ചറിയിലേക്ക് മാറ്റി.
ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയതോടെ മോര്‍ച്ചറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
പഴയ മോർച്ചറി ആശുപത്രിയുടെ ഓക്സിജൻ പൈപ്പ് ലൈനിന് സമീപമായതിനാൽ അത് അടച്ചിടുകയും ചെയ്തു.
എന്നാൽ പഴയ മോർച്ചറിയിൽ നിന്ന് ദുർഗയുടേയും മുനിരാജുവിന്റെയും മൃതദേഹങ്ങളും മാറ്റാൻ അധികൃതർ മറന്നുപോകുകയായിരുന്നു.
ശനിയാഴ്ച ശുചീകരണതൊഴിലാളികളാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഇവർ ആശുപത്രി ജീവനക്കാർ മെഡിക്കൽ സൂപ്രണ്ടിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
അഴുകിയ മൃതദേഹങ്ങള്‍ ദുര്‍ഗ, മുനിരാജു എന്നിവരുടേതാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ രാജാജി നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുര്‍ഗയും മുനിരാജുവും വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രി അധികൃതർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കും’ -രാജാജിനഗർ പോലീസ് പറഞ്ഞു.