പയ്യോളി: കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി (28) രോഗമുക്തയായി. ഉറവിടം വ്യക്തമാകാത്ത രണ്ട് കോവിഡ് രോഗികള്‍ ഉള്ള പയ്യോളിയിലെ ആദ്യ കേസാണിത്.
പ്രസവത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പയ്യോളി സ്വദേശിയായ യുവതിക്കായിരുന്നു കോവിഡ് ബാധിച്ചത്. ഭര്‍തൃവീട് മണിയൂരായ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്നു മാസങ്ങളായി പയ്യോളി നഗരസഭാ പരിധിയിലെ സ്വന്തം വീട്ടിലായിരുന്നു താമസം.
മെയ് 24 നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് പനി ബാധിച്ചതിനെ തുടര്‍ന്നു ജൂണ്‍ രണ്ടിനാണ് പരിശോധനയില്‍ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
ഇവരെ ചികിത്സിച്ചതുമായി ബന്ധപ്പെട്ട് നൂറിലേറെ മെഡിക്കല്‍ കോളേജ് ആശുപത്രിജീവനക്കാര്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ അടുത്ത ദിവസം നടന്ന പരിശോധനയില്‍ ഇവരില്‍ ആര്‍ക്കും കോവിഡ് ബാധിച്ചില്ലെന്ന് കണ്ടെത്തി എല്ലാവരും തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. യുവതിയുടെ അടുത്ത ബന്ധുക്കളെയും സ്രവപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്.
അതേ സമയം ബഹ്റൈനില്‍ കഴിയുന്ന കോവിഡ് ബാധിച്ച പയ്യോളി സ്വദേശിയുടെ സ്രവം രണ്ടാമത്തെ പരിശോധനക്കായി ഇന്നാണ് ശേഖരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം അടുത്ത ദിവസം തന്നെ വരുമെന്നാണ് ബന്ധുക്കള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്.