ഏറ്റുമാനൂർ: കേസിനും പരാതി നൽകുന്നതിനുമായി ഏറ്റുമാൂനർ പോലീസ് സ്റ്റേഷനിലേക്കു ചെല്ലുന്നതിനു മുന്‍പ്, അവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 19 പോലീസ് ഉദ്യോഗസ്ഥർക്ക്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 19 പോലീസ്കാർക്ക് വൈറസ് സ്ഥിരീകരിച്ചത്. എഎസ്ഐമാർക്കും കോണ്‍സ്റ്റബിൾമാർക്കും ഹോം ഗാർഡിനും സ്വീപ്പർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. എസ്ഐ, സി ഐ എന്നിവർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായി.
നേരത്തെ നാലു പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ചികിത്സയിലാണ് . രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതോടെയാണ് മറ്റുള്ളവരും കൂട്ടത്തോടെ ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.
68 പോലീസുകാരാണ് ഏറ്റുമാനൂർ സ്റ്റേഷനിലുള്ളത്. ഇവരെല്ലാംതന്നെ ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുമായി പരസ്പരം സന്പർക്കത്തിലേർപ്പെട്ടിരുന്നരാണ്.
രോഗികളുടെ എണ്ണം വർധിച്ചെങ്കിലും സ്റ്റേഷൻ അടച്ചിടില്ല. തല്ക്കാലം പഴയ സിഐ ഓഫീസിലേക്കു സ്റ്റേഷൻ പ്രവർത്തനം മാറ്റും. അണുവിമുക്തമാക്കിയ ശേഷം വീണ്ടും ഇവിടെ തന്നെ തുടരും.