ഹരിദ്വാർ: പതഞ്ജലി യോഗപീഠ് പുറത്തിറക്കിയ കോവിഡ് മരുന്നിന്റെ പരസ്യങ്ങൾക്ക് കേന്ദ്ര സർക്കാർ വിലക്ക്. മരുന്നിന്റെ പരസ്യം നൽകുന്നത് നിർത്തിവയ്ക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കമ്പനിയോട് ഉത്തരവിട്ടു.
ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കൽ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, മരുന്നു തയാറാക്കിയതിന്റെ വിശദീകരണം, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ ഉടൻ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു.
സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയെന്ന് പതഞ്ജലി പ്രതികരിച്ചു. ഇനിയുള്ള തീരുമാനം ആയുഷ് മന്ത്രാലയത്തിന്റെതാണെന്നും അവർ പറഞ്ഞു.
കോവിഡിനെതിരേ ലോകത്ത് ഇതുവരെ മരുന്നു വികസിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളില്ല. വാക്സിനുകൾ പോലും പരീക്ഷണഘട്ടത്തിലാണ്. ലോകാരോഗ്യസംഘടനയും അത്തരം വാദങ്ങളെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്.
‘കൊറോണിൽ ആൻഡ് സ്വാസരി’ എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്.
ഇന്നലെ ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. 545 രൂപയാണ് മരുന്നിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.