ചെറായി: വിവാഹത്തിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കോവിഡ് വ്യാപിച്ച സംഭവത്തെ തുടർന്ന് ആശങ്കയിലായ പള്ളിപ്പുറത്തുകാർക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ.
വിവാഹത്തിൽ സംബന്ധിച്ചവരുടെ രണ്ടാംഘട്ട ലിസ്റ്റിൽപ്പെട്ട 100 പേരെ ആർടിപിസിആർ പരിശോധന നടത്തിയതിൽ മൂന്ന് പേർ മാത്രമെ പോസിറ്റീവ് ആയുള്ളുവെന്നതാണ് ആശ്വാസമായത്.
ആദ്യ ഘട്ടം 87 പേരെ പിരശോധിച്ചതിൽ 81 പേർക്കു കോവിഡ് കണ്ടെത്തിയതോടെയാണ് പള്ളിപ്പുറത്ത് ആശങ്കയുണർന്നത്. പിന്നീട് കുറച്ചു പേരെകൂടി പരിശോധിച്ചപ്പോൾ എണ്ണം 98 ആയും ഉയർന്നു.
സ്ഥിതി മോശമായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ബാക്കിയാളുകളെയും തേടിപ്പിടിച്ച് ടെസ്റ്റ് നടത്തിയത്.
വിവാഹം നടന്ന വീട്ടിലെ അഞ്ച് അംഗങ്ങൾക്കും പന്തിലിടാനെത്തിയവർക്കും കാറ്ററിംഗ് കാർക്കുമെല്ലാം പരിശോധന പോസിറ്റീവായിരുന്നെങ്കിലും വരനും വധുവിനും പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.
പോസിറ്റീവ് നിരക്ക് കുറഞ്ഞത് ആശ്വാസം പകരുന്നെങ്കിലും ഈ മാസം മൂന്നാം വാരം മുതൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന രാജ്യവ്യാപകമായ മുന്നറിയിപ്പുള്ളതിനാൽ അതീവ ജാഗ്രത തുടരണെമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.