ന്യൂഡൽഹി: കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് ഉൽപാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്ര സർക്കാരിന് തുടർന്നും ഒരു ഡോസിന് 150 രൂപ നിരക്കിൽ നൽകുമെന്നും കമ്പനി അറിയിച്ചു.
വിദേശ വാക്സിനുകളെ അപേക്ഷിച്ച് തദ്ദേശ വാക്സിനുകൾ ഇപ്പോഴും താങ്ങാനാവുന്ന വിലയിലാണ് ലഭിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
വിദേശ വാക്സിനുകൾ ഒരു ഡോസിന് 750 മുതൽ 1,500 വരെയാണ് ഈടാക്കുന്നത്. സർക്കാരിന്റെ പുതിയ നയം അനുസരിച്ച് 50 ശതമാനം വാക്സിൻ ഡോസുകൾ കേന്ദ്രത്തിന് നൽകുകയും ബാക്കി സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി വിഭജിക്കുകയും ചെയ്യണം.
മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങും. ഇതിന് അധികമായി 1.2 ദശലക്ഷം ഡോസുകൾ ആവശ്യമാണ്. കോവിഡ് വാക്സിന്റെ ക്ഷാമം നിരവധി സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.