ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നതിനിടെ കോവിഡ് വാക്സിൻ ഉപയോഗം സംബന്ധിച്ച് നിർണായക തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നു.
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് ഒറ്റഡോസ് ഫലപ്രദമാണോയെന്നാണ് കേന്ദ്രം പരിശോധിക്കുന്നത്.
ഓഗസ്റ്റ് വരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം. അമേരിക്കൻ കോവിഡ് പ്രതിരോധ വാക്സിനായ ജോണ്സണ് ആൻഡ് ജോണ്സണ് നിലവിൽ ഒറ്റ ഡോസാണ് നൽകുന്നത്.
സമാനമായ രീതിയിൽ കോവിഷീൽഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്.
കോവിഷീൽഡ് വൈറൽ വെക്ടർ പ്ലാറ്റ്ഫോം അടിസ്ഥാനമായി നിർമിച്ച വാക്സിനാണ്. അതുപോലെ നിർമിക്കപ്പെട്ടതാണ് ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിനും.
മറ്റൊരു വൈറൽ വെക്ടർ വാക്സിനായ സ്പുട്നിക്കും പല സ്ഥലങ്ങളിലും ഒറ്റ ഡോസാണ് നല്കിവരുന്നത്. അതുകൊണ്ടുതന്നെ കോവിഷീൽഡ് ഒറ്റ ഡോസ് മാത്രം നൽകുന്നത് ഫലപ്രദമാണോയെന്നാണ് കേന്ദ്രം പരിശോധിക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
കോവിഡ് വാക്സിൻ ഉപയോഗത്തിൽ വിശദമായ പഠനം നടത്താനും കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റാനാണ് സർക്കാറിന്റെ ആലോചന.
കോവാക്സിന്റെ ഇടവേള നിലവിലുള്ളത് പോലെ തുടരുമെങ്കിലും കോവിഷീൽഡ് ഒറ്റഡോസ് മതിയോ എന്ന് വിശദമായ പഠനത്തിൽ പരിശോധിക്കും.
ഒരാളിൽ തന്നെ വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. കോവീഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി പരിശോധിച്ച ശേഷമായിരിക്കും കോവീഷീൽഡ് സിംഗിൾഡോസ് മതിയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.