സ്വന്തം ലേഖകൻ
കണ്ണൂർ: എല്ലാ തലത്തിലുള്ളവരെയും കോവിഡ് പിടികൂടുന്നുണ്ടെങ്കിലും ഡോക്ടർമാർക്കിടയിൽ കോവിഡ് ബാധിക്കുന്നത് ആശങ്കയുയർത്തുന്നു.
ഒന്നും രണ്ടും കോവിഡ് തരംഗത്തിൽ ജില്ലയിൽ കോവിഡ് ബാധിച്ചത് 424 ഡോക്ടർമാർക്കാണ്. അലോപ്പതി വിഭാഗത്തിൽ മാത്രം 305 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്.
ഇതിൽ ഒരു ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ചെറുകുന്നിലെ ഡോ. വിജയനാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. കൂടാതെ 65 ദന്തൽ ഡോക്ടർമാരെയും കോവിഡ് പിടികൂടി.
31 ആയുർവേദ ഡോക്ടർമാർക്കും കോവിഡ് ബാധിച്ചു. ഇതുകൂടാതെ 21 ഹോമിയോ ഡോക്ടർമാർക്കും യുനാനി ചികിത്സ നടത്തുന്ന ഒരാൾക്കും പ്രകൃതിചികിത്സ നടത്തുന്ന ഒരു വൈദ്യനും കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കിൽ പറയുന്നു.
കോവിഡ് ബാധിച്ചവർ ഏറെപ്പേരും സുഖം പ്രാപിച്ചു. ഇതിൽ പല ഡോക്ടർമാരും വീടുകളിൽ തന്നെയാണ് ചികിത്സ നടത്തിയത്. കോവിഡ് ബാധിച്ച മറ്റ് ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്.
കോവിഡ് തരംഗങ്ങളിൽ എല്ലാവിഭാഗം ആളുകളിലും രോഗം പടർന്നുപിടിച്ചെങ്കിലും കൂടുതൽ ഡോക്ടർമാർക്ക് രോഗം പിടികൂടുന്നത് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
ഡോക്ടർമാരുടെ രണ്ടാംനിര സജ്ജമാക്കണം
കോവിഡ് കൂടുതൽ വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ മരണനിരക്ക് കുറയ്ക്കാൻ ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്.
ഇതിനായി ആരോഗ്യപ്രവർത്തകരുടെ രണ്ടാംനിര തയാറാകണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരിൽ രോഗബാധയുണ്ടാകുകയും അവർ ക്വാറന്റൈനിൽ പോകുകയും ചെയ്താൽ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടാകും.
ഇത് ഒഴിവാക്കാൻ ഇപ്പോൾ സേവനരംഗത്തുള്ളവരിൽ ചെറിയൊരു ശതമാനത്തിന് അവധി നൽകണം.
ഇവരെ താത്കാലികമായി വീടുകളിൽ ഇരുത്തണം. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധയുണ്ടാകുന്പോൾ അത്യാവശ്യമായി ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ക്ഷാമം ഉണ്ടാകുന്പോൾ ഇവരെ തിരികെ വിളിക്കാവുന്നതാണ്.
ഇത് കോവിഡ് വ്യാപനത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശിക്കുന്നത്.
ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ഇത്രയും ആരോഗ്യപ്രവർത്തകരെ നിർത്തേണ്ടതില്ല.
രണ്ടാം നിരയിൽ ശക്തമായി ആരോഗ്യപ്രവർത്തകരെ തയാറാക്കുകയാണു വേണ്ടതെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ വിദഗ്ധാഭിപ്രായം.
നഴ്സുമാരുടെ ജീവിതവും വ്യത്യസ്തമല്ല
മാലാഖമാർ എന്ന വാഴ്ത്തിപ്പാടലുകൾക്കിടയിലും കോവിഡ് ഡ്യൂട്ടി നഴ്സുമാർക്കും ദുരിതകാലം കൂടിയാണ്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഡ്യൂട്ടിയും പിന്നീട് ക്വാറന്റൈനും കഴിഞ്ഞ് സ്വന്തം വീടുകളിൽ എത്തുന്നത് പലപ്പോഴും ഒരു മാസം കഴിഞ്ഞ്.
ഇതിനിടയിൽ വീട്ടിലെ പ്രായമായ മാതാപിതാക്കൾ, കുട്ടികൾ അവരുടെ പഠിപ്പ്, ഭക്ഷണം തുടങ്ങിയ പല പ്രധാന കാര്യങ്ങളും തകിടം മറയുന്നുണ്ട്.
കോവിഡ് സാഹചര്യത്തിൽ വേണ്ടത്ര സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന എത്രയോ സംഭവങ്ങളുമുണ്ട്.
പിപിഇ കിറ്റുകൾ ധരിച്ച് മണിക്കൂറുകളോളം ജോലി ചെയ്ത് പുറത്തിറങ്ങുന്ന നഴ്സുമാർക്ക് താമസിക്കാൻ നല്ല താമസസ്ഥലമോ ഭക്ഷണമോ കൃത്യമായി ലഭിക്കാറില്ലെന്നത് പരമാർഥം.
അതേസമയം നഴ്സുമാർക്ക് മുഴുവൻ പിന്തുണയും സഹായവും സർക്കാരും വിവിധ ആശുപത്രികളും നൽകുന്നുണ്ടെന്ന ആശ്വാസവുമുണ്ട്.
ആശുപത്രികളിൽ
നിയന്ത്രണം കർശനമാക്കി
ആരോഗ്യപ്രവർത്തകരുടെ ഇടയിൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ നിയന്ത്രണം കർശനമാക്കാൻ ആരോഗ്യവകുപ്പ്. പല ആശുപത്രികളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
രോഗികളെ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കാര്യമായ അസുഖമുള്ളവരേ മാത്രമേ ആശുപത്രിയിൽ എത്തിക്കാവൂ.
മറ്റ് രോഗികൾക്ക് ഫോൺ മുഖേന ഡോക്ടർമാരുമായി ബന്ധപ്പെടാം. ഡോക്ടർമാർക്കിടയിൽപ്പോലും കോവിഡ് പടരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയകൾ പോലും വെട്ടിക്കുറയ്ക്കുകയാണ്. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുമുണ്ട്.