മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിന്റെ 14-ാം സീസണിന് വെറും അഞ്ച് ദിനങ്ങൾ മാത്രം ശേഷിക്കുന്പോൾ ആശങ്കയുടെ നിഴൽ പരത്തി കോവിഡ് തലയുയർത്തുന്നു.
ഈ സീസണ് ഒന്പതാം തീയതി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറാനിരിക്കേയാണ് കോവിഡ് ഭീഷണി ഉയർന്നിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടർ അക്സർ പട്ടേലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു.
ഇതോടെ ഡൽഹിയുടെ ആദ്യ മത്സരങ്ങളിൽ അക്സർ പട്ടേൽ കളിക്കാൻ ഇടയില്ല. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത് കളിക്കാരനാണ് അക്സർ പട്ടേൽ. നേരത്തേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയ്ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനു പിന്നാലെയാണ് ഡൽഹിക്ക് ഇരുട്ടടിയായി അക്സർ പട്ടേൽ കോവിഡ് രോഗ ബാധിതനായത്. ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയാണ് ഡൽഹിയുടെ ആദ്യ മത്സരം.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ചെന്നൈ x ഡൽഹി പോരാട്ടം. അതേസമയം, വാങ്കഡെ സ്റ്റേഡിയത്തിലെ 10 ഗ്രൗണ്ട്സ്മാന്മാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ബിസിസിഐയുടെ ഐപിഎൽ ഓർഗനൈസിംഗ് സംഘത്തിലെ ഏഴ് പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കേണ്ട ചെന്നൈ x ഡൽഹി മത്സരത്തിന്റെ വേദി മാറ്റില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ, മത്സരം ഹൈദരാബാദിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
അതിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാന്പിലും കോവിഡ് റിപ്പോർട്ട് ചെയ്തു. ചെന്നൈ ടീമിനൊപ്പമുള്ള കണ്ടന്റ് ടീം അംഗത്തിനു കോവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.
ടീം അംഗങ്ങളുമായോ സപ്പോർട്ടിംഗ് സ്റ്റാഫുമായോ അദ്ദേഹത്തിനു സന്പർക്കമില്ലെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി.
കോവിഡ് പോസിറ്റീവാകുന്ന താരങ്ങൾക്കായി ബയോബബിളിനു പുറത്ത് പ്രത്യേക ഐസൊലേഷൻ സൗകര്യമൊരുക്കണം എന്നാണ് ബിസിസിഐ ചട്ടം. ലക്ഷണങ്ങൾ തുടങ്ങിയ ആദ്യദിനം മുതലോ, സാംപിൾ എടുത്ത ദിനം മുതലോ കുറഞ്ഞത് 10 ദിവസത്തേക്ക് ഐസൊലേഷൻ നിർബന്ധമാണ്.
ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കുന്ന താരങ്ങൾ ഇക്കാലയളവിൽ പൂർണ വിശ്രമത്തിലായിരിക്കും.